വിട്‌ള: കാണാതായ യുവതിയുടെ അസ്ഥികൂടം ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീടിനു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തി. പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിട്‌ള, കന്യാനയിലെ നളിനി (32)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. പുത്തൂര്‍, ഉറുവയിലെ സഞ്ജീവയുടെ ഭാര്യയാണ്. ഭര്‍ത്താവിന്റെ വീട്ടിനു സമീപത്തെ മരത്തിനു കീഴിലാണ് അസ്ഥികൂടം കാണപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പാണ് നളിനിയും സഞ്ജീവയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുശേഷം പല തവണ നളിനി ഭര്‍ത്താവുമായി പിണങ്ങി കന്യാനയിലെ സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നതായി പറയുന്നുണ്ട്. ഒക്ടോബര്‍ എട്ടിനാണ് കാണാതായത്. ഇതു സംബന്ധിച്ച് പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നളിനിയുടെ ഫോട്ടോയുമായി സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ അതിനുശേഷം സഞ്ജീവ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നളിനിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഉറുവയിലെ വീട്ടില്‍ എത്തിയിരുന്നു. വീട്ടുവളപ്പില്‍ പരിശോധിച്ചപ്പോഴാണ് ഒരു മരത്തിനു കീഴില്‍ അസ്ഥികൂടം കണ്ടെത്തിയത്. മരത്തിന്റെ കൊമ്പില്‍ ഒരു കയര്‍ തൂക്കിയിട്ട നിലയിലും കാണപ്പെട്ടതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.