കാസര്‍കോട്: മെഡിക്കല്‍ഷോപ്പില്‍ നിന്നു മരുന്നുവാങ്ങിക്കുന്നതിനിടയില്‍ കൈക്കുഞ്ഞിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട്, മധുര സ്വദേശിനി സംഗീത (37)യെ ആണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 24ന് ആണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സഹകരണാശുപത്രിക്ക് മുന്‍വശത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്നു വാങ്ങുകയായിരുന്ന സയ്യിദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തില്‍ നിന്നാണ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. മരുന്നു വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടു യുവതികള്‍ ഫായിദയുടെ സൈഡിലും പിറകിലും നിലയുറപ്പിച്ച് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ കുഞ്ഞിന്റെ കഴുത്തില്‍ നിന്നു മാല പൊട്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ പിതാവ് ഉസാമ മൂസ നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ കാഞ്ഞങ്ങാട് വരെയും കണ്ണൂര്‍ ജില്ലയില്‍ മുഴുവനും അന്വേഷണം നടത്തുകയും വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ടൗണ്‍ എ.എസ്.ഐ രഞ്ജിത്തിനു ലഭിച്ച സൂചനകളെ തുടര്‍ന്നാണ് പൊലീസ് സംഗീതയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്.