ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവം; നടന്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് കേസ്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
സുരേഷ് ഗോപിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകള്‍ പ്രകാരം ഞായറാഴ്ച പുലര്‍ച്ചെയാണ് കേസെടുത്തത്.
അതേസമയം
തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്ന് ആദ്യം വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലന്‍സില്‍ കയറിയത്. 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page