മന്ത്രം മൂന്ന്: ഏവമേവ ഖലു സോമ്യ വിദ്ധീതി ഹേ വാച,
ജീവാ പ്രേതം വാപ കിലേദംക്രിയതേ, ന ജീവോ
മ്രിയത ഇതി. സ യ ഏഷേ ണിമൈദ
താത്മ്യമിദം സര്‍വ്വം, തത്സത്യം, സ ആത്മാ, തത്ത്വമസി
ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാ-
പയത്വിതി തഥാ സോമ്യേതി ഹോവാച
സാരം: അല്ലയോ സൗമ്യ, ഇതു പോലെ ജീവന്‍ ഇല്ലാതായിത്തീര്‍ന്ന ശരീരമാണ് മരിക്കുന്നത്. ജീവന്‍ മരിക്കുന്നില്ല എന്ന് നീ അറിഞ്ഞാലും. ഈ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ മുഴുവന്‍ ആത്മാവായിട്ടിരിക്കുന്നത്. അതു തന്നെയാണ് സത്യം. അതു തന്നെയാണ് സത്യം. അല്ലയോ ശ്വേതകേതോ, അത് നീ തന്നെയാകുന്നു. എന്ന് ഉദ്ദാലകന്‍ പറഞ്ഞു. അപ്പോള്‍ ശ്വേതകേതു വീണ്ടും പറഞ്ഞു. അല്ലയോ ഭഗവാനെ അങ്ങ് അത് അല്‍പംകൂടി വ്യക്തമാക്കിത്തരണം എന്ന്. അല്ലയോ സൗമ്യ, അങ്ങനെ തന്നെയാകാം എന്ന് സന്തോഷത്തോടെ പിതാവ് സമ്മതിച്ചു.
വൃക്ഷത്തിന്റെ ഉദാഹരണത്തില്‍ കൂടി ഋഷി ശിഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഇതുപോലെതന്നെയാണ് മനുഷ്യന്റെ മരണവും എന്നാണ്. വൃക്ഷത്തില്‍ നിന്ന് അതുവരെ അതിന്റെ വളര്‍ച്ചയെ സഹായിച്ചു കൊണ്ട് അതിനെ പുഷ്ടിപ്പെടുത്തിയ ജീവശക്തി അതിനെ വിട്ടു പോകുമ്പോള്‍ മരം ഉണങ്ങിപ്പോകുന്നു. ഇവിടെ മരം ഉണങ്ങുന്നതല്ലാതെ ജീവന് ഒന്നും സംഭവിക്കുന്നില്ല. അതുപോലെ, പ്രാരാബ്ധകര്‍മ്മങ്ങള്‍ അവസാനിക്കുമ്പോള്‍ മനുഷ്യജീവന്‍ അതതുശരീരങ്ങളെ വിട്ടുപോകുന്നു. വൃക്ഷം ഉണങ്ങുന്നതു പോലെ ശരീരം ചേതനയറ്റു പ്രേതമായിത്തീരുന്നു. ജീവനുള്ള എല്ലാത്തിലും ഈ പ്രക്രിയ തന്നെയാണ് സംഭവിക്കുന്നത്.
സുഷുപ്തിയില്‍ നിന്ന് ഉണരുന്ന ജീവികള്‍ തങ്ങളുടെ വാസനാനുസൃതമായി കര്‍ത്തവ്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു ചെയ്യുന്നതു പോലെ മരണശേഷം പുനര്‍ജന്മം ലഭിച്ച ജീവന്‍ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍വ്വസ്മരണയാല്‍ പ്രേരിതമായി കര്‍മ്മങ്ങളിലേര്‍പ്പെടുന്നു. ഉദാഹരണമായി ഒരു കുട്ടി ജനിച്ച ഉടനെ ആരും പറഞ്ഞു കൊടുക്കാതെ തന്നെ അമ്മയുടെ മുല കുടിക്കുന്നതിനുള്ള ശ്രമം നടത്തുന്നു. ഇത് പൂര്‍വ്വജന്മാര്‍ജ്ജിത വാസന ഉള്ളില്‍ ഉള്ളതു കൊണ്ടാണ്. ഈ പ്രപഞ്ചത്തിന് മുഴുവന്‍ കാരണമായ ആത്മതത്വമാകട്ടെ അത്യന്തം സൂക്ഷ്മമാണെന്ന സത്യം ശ്വേതകേതു ഇതിനാല്‍ മനസ്സിലാക്കി. എന്നാല്‍ ഇത്രയും സൂക്ഷ്മമായ നാമരൂപരഹിതമായ ആ ആത്മസത്ത എങ്ങനെയാണ് അത്യന്തം സ്ഥൂലവും നാമരൂപാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ ജഗത്തായിത്തീരുന്നത് എന്ന സംശയം അവനില്‍ ഉണര്‍ന്നിട്ടുണ്ടാവാം. അതു കൊണ്ടാണ് ഇതു വരെ പറഞ്ഞ ഉദാഹരണങ്ങളില്‍ തൃപ്തനാകാതെ ഇനിയും പറഞ്ഞുതരണമെന്ന് പിതാവിനോട് അപേക്ഷിക്കുന്നത്. ശിഷ്യന്റെ ആകാംക്ഷ കണ്ട് ആവേശഭരിതനായ ഉദ്ദാലകമുനി സന്തോഷത്തോടെ തന്റെ വിവരണം തുടരുന്നു.