മംഗ്‌ളൂരു: ബൈക്കു തടഞ്ഞു നില്‍ത്തി യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. മംഗ്‌ളൂരു അഡീഷണല്‍ സെഷന്‍സ് കോടതി (6) ആണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. രാഹുല്‍ എന്ന ബാക്ക് രാഹുല്‍, പവന്‍രാജ്, കാര്‍ത്തിക്, ശിവരാജ്, എഡ്‌വിന്‍ രാഹുല്‍ ഡിസൂസ, രാഹുല്‍ പൂജാരി, ഹേമചന്ദ്ര എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
2016 ഏപ്രില്‍ 26ന് ആണ് മുഹമ്മദ് സഫ്‌വാനെ തെക്കോട്ട് മേല്‍പ്പാലത്തിനു സമീപത്തു വച്ചു ആക്രമിച്ചത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് സഫ്‌വാന്‍. തൊക്കോട്ട് മേല്‍പ്പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ ഒരു സംഘം ആള്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉള്ളാളിലെ രാജു കൊട്ടിയാന്‍ എന്ന ആളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് മുഹമ്മദ് സഫ്‌വാനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു കോടതി വിധിയില്‍ പറഞ്ഞു.