കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാളുടെ നില അതീവ ഗുരുതരം. ഇയാള്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ കഴിയുകയാണ്.
അഞ്ചുപേര്‍ വെന്റിലേറ്ററിലാണ്. ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അപകടത്തില്‍ 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറത്തെ കെ.വി.വിജയനെയാണ് (62) അറസ്റ്റ് ചെയ്തത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പി.രാജേഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്യുകയും പി.വി.ഭാസ്‌കരന്‍, തമ്പാന്‍, ബാബു, ചന്ദ്രന്‍, ശശി എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തിങ്കള്‍ അര്‍ധരാത്രി 12 മണിയോടെയാണ് അപകടം. കളിയാട്ടത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക് തെറിച്ചാണ് വന്‍സ്ഫോടനമുണ്ടായത്.