കാസര്‍കോട്: കുരങ്ങിന്റെ ആക്രമണ ഭീതിയില്‍ കുമ്പള. മദ്രസാ അധ്യാപകനെയും സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിയെയും കുരങ്ങ് ആക്രമിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് കുമ്പള സി.എച്ച്.സി റോഡിലെ താഹാ മസ്ജിദ് അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസത്തുല്‍ ഹിദായ മദ്രസയില്‍ കുരങ്ങിന്റെ ആക്രമണം നടന്നത്. വിദ്യാര്‍ഥികള്‍ മദ്രസയില്‍ പ്രവേശിച്ച ശേഷം ഗേറ്റ് പൂട്ടുകയായിരുന്ന അധ്യാപകന്‍ ഫവാസിന് നേരെയാണ് ആക്രമണം നടന്നത്. ഗേറ്റ് പൂട്ടി തിരിച്ചുവരാന്‍ നേരത്ത് മതിലിലൂടെ എത്തിയ കുരങ്ങ് അധ്യാപകന്റെ തലയില്‍ ചാടി ആക്രമണം നടത്താന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് വലിയൊരു ആക്രമണത്തില്‍ നിന്ന് അധ്യാപകന്‍ രക്ഷപ്പെട്ടത്. മദ്രസയുടെ മുറ്റത്തുണ്ടായിരുന്ന കുരങ്ങിനെ പിന്നീട് ആട്ടിയോടിക്കുകയായിരുന്നു. പിന്നീട് കുരങ്ങ് റോഡിലും ആക്രമണം തുടര്‍ന്നു. സൈക്കിളില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ തലയിലേക്കും കുരങ്ങ് ചാടി. സൈക്കിളില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അടുത്ത കാലത്തായി കുമ്പളയിലും പരിസരപ്രദേശങ്ങളിലും കുരങ്ങ് ശല്യം രൂക്ഷമാണ്. പലതവണ നാട്ടുകാര്‍ കുരങ്ങ് ശല്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വനം വകുപ്പ് ഒരു തവണ കൂട് വച്ച് പോയതിന് ശേഷം തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി കാട്ടിലയക്കണമെന്നാണ് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.