ന്യൂഡെല്‍ഹി: ഇന്‍ഡ്യാ-ചൈന അതിര്‍ത്തിയില്‍ സുരക്ഷിതത്വത്തിന്റെയും സാമ്പത്തിക സമൃദ്ധിയുടെയും സമഭാവനയുടെയും പൂത്തിരികള്‍ തെളിഞ്ഞു. ഇരുരാജ്യങ്ങളുടെയും കാവല്‍ഭടന്മാര്‍ മധുരപലഹാരങ്ങള്‍ കൈമാറി ഭാഗ്യവും സമാധാനവും ഭദ്രതയും പരസ്പരം പങ്കുവച്ചു ദീപാവലി ആഘോഷിച്ചു.
ഡെവ്‌സാംഗ്, ഡെംചോക്ക്, ചുഷ്ഠല്‍ മാള്‍ഡോ, ഭൗലത്ത് ബേഗ് ഓള്‍ഡി, ബഞ്ച, നാഥുല എന്നിവിടങ്ങളിലാണ് സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറിയത്.
ഡെപ്‌സാംഗ് സമതലങ്ങളില്‍ നിന്നു സൈനിക ഉദ്യോഗസ്ഥന്മാരെയും ഡെംചോക്കില്‍ നിന്നു സൈനിക താല്‍ക്കാലിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കം ചെയ്യാനും അതിര്‍ത്തിയില്‍ 2020 ഏപ്രിലിനു മുമ്പുള്ള സ്ഥിതിയിലേക്കു സൈനികരെയും സൈനിക സജ്ജീകരണങ്ങളും പിന്‍വലിക്കാനും ബ്രിക്‌സ് ഉച്ചകോടിക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിലെത്തുന്നതിന് അല്‍പം മുമ്പു ചൈനീസ് പ്രധാനമന്ത്രി ഷിജിന്‍പിംഗ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അതിര്‍ത്തി നിര്‍ണ്ണയ രേഖയ്ക്കപ്പുറത്തേക്ക് ചൈന അവരുടെ സൈന്യത്തേയും സൈനിക സജ്ജീകരണങ്ങളും പിന്‍വലിച്ചത്. ഇന്‍ഡ്യ-ചൈന പെട്രോളിംഗ് കരാര്‍ എന്നാണ് ഈ പ്രഖ്യാപനത്തിനു പേരു നല്‍കിയിട്ടുള്ളത്. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ പാംഗോണ്ട് തടാകത്തിലും ഗാല്‍വാന്‍ പ്രദേശങ്ങളിലും അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നു. നാലു വര്‍ഷമായി അതിര്‍ത്തിയില്‍ സൈനിക-നയതന്ത്ര സംഘര്‍ഷവുമുണ്ടായിരുന്നു. ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്‍ഡ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കരാര്‍ ഇന്‍ഡ്യക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.