കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുന്നത് പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ഇരിക്കൂര്‍, മണ്ണൂര്‍ സ്വദേശികളായ സാലിഹ് (27), സാബിര്‍ (27) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി തലശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ അറസ്റ്റു ചെയ്തത്.
കുട്ടിമാക്കൂല്‍, കൃഷ്ണകൃപയിലെ രമേശന്റെ ഭാര്യ ഷീലയുടെ കഴുത്തില്‍ നിന്നു രണ്ടരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. സെപ്തംബര്‍ എട്ടിനു രാത്രി ഒന്‍പതര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മകള്‍ക്കൊപ്പം ഒരു വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചോടുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗം മാത്രമേ അക്രമികള്‍ക്കു ലഭിച്ചിരുന്നുള്ളു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചക്കരക്കല്ല്, എടക്കാട് പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.