തൃശൂര്‍: സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ക്രിസ്. ഒപ്പം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും എത്തിയാണ് ദിവ്യ ശ്രദ്ധനേടിയത്. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസില്‍ ദിവ്യ ഒരിക്കല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നൊന്നും വിവാഹത്തിലേക്ക് ആ പരിചയം എത്തുമെന്ന് കരുതിയിരുന്നില്ലെന്നാണ് ദിവ്യ പറഞ്ഞത്. കസിന്‍ വഴിയാണ് വിവാഹ ആലോചന വന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ദിവ്യക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് താന്‍ പുതിയ ജീവിതത്തിലേക്ക് കടന്നതെന്ന് കഴിഞ്ഞ ദിവസം ദിവ്യ പറഞ്ഞിരുന്നു.