മാതൃഭൂമി വാരാന്ത പതിപ്പിലെ എം.മുകുന്ദന്റെ ‘എന്റെ യാത്രയിലെ തീവണ്ടികള്‍’ വായിച്ചപ്പോഴാണ് എന്റെ ആദ്യ ബസ് യാത്ര മനസ്സിലേക്ക് വന്നത്. എനിക്ക് അഞ്ചോ ആറോ വയസ്സായിട്ടുണ്ടാവും.
1956 കാലം. കൂക്കാനം എന്ന എന്റെ കുഗ്രാമത്തില്‍ സൈക്കിള്‍ പോലും എത്താത്ത കാലം. നടന്നു പോകാന്‍ കുണ്ടനിടവഴികള്‍ മാത്രം. പക്ഷേ അരമണിക്കൂറോളം നടന്ന ബസ്സ് കടന്നുപോകുന്ന കരിവെള്ളൂരിലെത്താം. കരിവെള്ളൂരിലേക്ക് പോവുന്നത് തന്നെ അപൂര്‍വ്വം. ഞങ്ങളുടെ കുടുംബക്കാരൊക്കെ കരിവെള്ളൂരില്‍ താമസമുണ്ട്. രണ്ടു കാര്യത്തിനാണ് കരിവെള്ളൂരിലേക്ക് സാധാരണയായി പോകേണ്ടി വരിക. അത് തന്നെ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ. ജുമാഅത്ത് പള്ളിയില്‍ വയള് (മത പ്രസംഗം)കേള്‍ക്കാന്‍ വേണ്ടിയും പള്ളിയിലേക്ക് എന്തെങ്കിലും നേര്‍ച്ച നേര്‍ന്നത് വീട്ടാനും. വയള് തുടങ്ങല്‍ രാത്രി 8 മണിക്കാണ്. തീരുന്നത് പന്ത്രണ്ട് മണിക്കും. ഞങ്ങള്‍ വീടൊക്കെ പൂട്ടി നേരത്തേ കാലത്തേ കരിവെള്ളൂര്‍ ബസാറിലുള്ള തറവാട്ടു വീട്ടിലെത്തും. അന്നത്തെ താമസവും ഭക്ഷണവും അവിടെത്തന്നെ. ബീഡിത്തൊഴിലാളി മാഹിച്ചാന്റെ വീടായിരുന്നു അത്. കുട്ടികളായ ഞങ്ങളാക്കെ കിടന്നുറങ്ങും. പ്രായമുള്ളവര്‍ അവര്‍ക്കു പറയാനുള്ള എല്ലാം പറഞ്ഞു തീര്‍ക്കാനുള്ള അവസരം കൂടിയാണ് ഈ കൂടിച്ചേരല്‍. എന്റെ കൗതുകം റോഡും അതിലൂടെ കടന്നു പോകുന്ന സൈക്കിളും കാളവണ്ടിയും ജീപ്പും ബസ്സും മറ്റും കാണുന്നതിലാണ്. അന്നത്തെ റോഡ് ടാറിട്ടതല്ല. മണ്‍ റോഡായിരുന്നു. ആ വീട്ടിലുണ്ടായിരുന്ന യുവാക്കള്‍ ബസ്സില്‍ കയറിയതും യാത്ര ചെയ്തതുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സും വെമ്പും ഒരു തവണയെങ്കിലും ബസ്സില്‍ കയറാന്‍.
അങ്ങനെയിരിക്കെ ചന്തേരയിലെ ഞങ്ങളുടെ ബന്ധുവായ സഖാവ് അബ്ദുറഹ്‌മാനിച്ച കൂക്കാനത്തേക്ക് വന്നു. അക്കാലത്ത് ബന്ധുക്കള്‍ പരസ്പരം കാണുകയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. എത്ര ദൂരം നടക്കേണ്ടി വന്നാലും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ അന്നത്തെ ആളുകള്‍ ബദ്ധശ്രദ്ധരായിരുന്നു.
അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ചന്തേരയില്‍ നിന്ന് ബസ്സില്‍ കരിവെള്ളൂര്‍ ഇറങ്ങിയതും അവിടുന്ന് നടന്ന് കൂക്കാനത്ത് എത്തിയതുമൊക്കെ പറയുന്നതു കേട്ടു. ഇത് തന്നെ നല്ല ചാന്‍സ് എന്ന് എനിക്കു തോന്നി. ‘എനിക്കും ബസ്സില്‍ കേറാന്‍ ആശ’ ഞാന്‍ ഉമ്മയോട് പറഞ്ഞു. ഉമ്മ എന്റെ ആഗ്രഹം ആങ്ങളയായ അബ്ദു റഹ്‌മാന്‍’ ച്ചയോട് സൂചിപ്പിച്ചു.
‘എന്നാല്‍ ഇപ്പോത്തന്നെ ഇറങ്ങ് നിങ്ങള്‍ രണ്ടു പേരും വന്നോളൂ.’ പോയാല്‍ അന്ന് തിരിച്ചു വരാന്‍ പറ്റില്ല. ഞാന്‍ റെഡിയായി. കരിവെള്ളൂരിലേക്ക് നടന്നു. റോഡിലെത്തി. ബസ്സ് കയറാനുള്ള സന്തോഷം കൊണ്ട് ഹൃദയമിടിപ്പ് കൂടി. അതാ ബസ്സ് വരുന്നു. ഒരു മൂക്കന്‍ ബസ്സാണ്. അക്കാലത്തെ ബസ്സ് അങ്ങനെയായിരുന്നു. ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ക്ലീനര്‍ ബസ്സിന് മുകളില്‍ കയറി ചാക്കുകെട്ടുകള്‍ ഇറക്കുന്നു. എന്റെ കൈ പിടിച്ച് ഇച്ച ബസ്സിനുള്ളില്‍ കയറ്റി സീറ്റിലിരുത്തി. ഉമ്മയെയും എന്റെ അടുത്തിരുത്തി. എന്നെ മടിയിലിരുത്തി. ചന്തേരയിലേക്ക് ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞു. ഒരാള്‍ക്ക് ഒരണയാണ് (ഇന്നത്തെ ആറ് പൈസ) ടിക്കറ്റ്. ഞാന്‍ പുറത്തേക്ക് നോക്കി. തല കറങ്ങുന്നത് പോലെ തോന്നി. ഉമ്മ എന്റെ കണ്ണ് രണ്ടും കൈകൊണ്ട് പൊത്തിപ്പിടിച്ചു. ഹാവൂ ചന്തേര എത്തി. അവിടെ ഇറങ്ങി. ബസ്സില്‍ കയറിയ ആശ തീര്‍ത്തു. ചന്തേരയുള്ള വീട്ടിലേക്ക് ചെന്നു. ഞാനും ഉമ്മയും ആദ്യമായിട്ടാണ് ബസ്സ് യാത്ര നടത്തുന്നത്. അടുത്ത ദിവസം രാവിലെയും അതേ ബസ്സിന് കരിവെള്ളൂരിലേക്ക് വന്നു. കണ്ണ് തുറന്ന് നോക്കി. ഇപ്പോള്‍ തലകറങ്ങുന്നില്ല. റോഡിന്റെ ഇരുവശത്തേക്കും നോക്കി മരങ്ങളും കെട്ടിടങ്ങളും എതിര്‍വശത്തേക്ക് ഓടുന്നതായി തോന്നി.
നാട്ടിലെത്തി കൂട്ടുകാരോടൊക്കെ എന്റെ വമ്പത്തം വെച്ചു കാച്ചി. ബസ്സില്‍ കയറിയതും യാത്ര ചെയ്തതുമൊക്കെ അവര്‍ക്കെല്ലാം എന്നോട് അസൂയ തോന്നിയിട്ടുണ്ടാവും.
പിന്നീടാണ് ഞാനറിഞ്ഞത് കാര്യങ്കോട് വരെ മാത്രമെ അക്കാലത്ത് ബസ്സും മറ്റും പോകു. കാര്യങ്കോട് പുഴക്ക് പാലമില്ലായിരുന്നു അന്ന്.
അന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി ബസ്സില്‍ യാത്ര ചെയ്യിച്ച് ആഗ്രഹം തീര്‍ത്ത അബ്ദുറഹ്‌മാനിച്ച ഇല്ല. മടിയിലിരുത്തി കൊണ്ടുപോയ ഉമ്മയും ഇല്ല. പക്ഷേ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ്സില്‍ കയറിയ ഓര്‍മ്മ വിട്ടുപോയില്ല.
