കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. തൈക്കടപ്പുറത്തെ വിജയ(65)നെയാണ് പുതുതായി പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഒന്‍പതായി. വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇദ്ദേഹമാണ് കളിയാട്ട പറമ്പില്‍ പടക്കം പൊട്ടിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഇയാളുടെ കൈവിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. അതിനാലാണ് പടക്കം പൊട്ടിക്കാനുള്ള ചുമതല അറസ്റ്റിലായ രാജേഷിനു നല്‍കിയതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച അറസ്റ്റിലായ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പടക്കം പൊട്ടിച്ച രാജേഷിനെയും രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
തിങ്കളാഴ്ച രാത്രി ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ അഞ്ചുപേര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
