കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വെടിക്കെട്ട് ദുരന്തം സംബന്ധിച്ച് നീലേശ്വരം പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും കസ്റ്റഡിയിലാണ്. പടക്കംപൊട്ടിക്കുന്നതിനിടയില്‍ തീപ്പൊരി പടക്കശേഖരത്തിനു മുകളില്‍ വീണതാണ് ദുരന്തകാരണമെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊട്ടിത്തെറിച്ച പടക്കങ്ങള്‍ നീലേശ്വരത്തെ കടയില്‍ നിന്നാണ് വാങ്ങിയത്.