കാസര്‍കോട്: സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയ മത്സരയിനമായ മംഗലംകളി വിലയിരുത്തല്‍ വിവാദത്തില്‍. ഓരോ ടീമിലും 16 അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് ആദ്യം മാന്വല്‍ പുറത്തിറക്കുകയും പിന്നീട് എണ്ണം യാതൊരു മുന്നറിയിപ്പുമില്ലാതെ 12 ആയി ചുരുക്കിയതും ഉണ്ടാക്കിയ ആശയക്കുഴപ്പവും വിവാദവും തുടരുന്നതിനിടയിലാണ് വിധി കര്‍ത്താക്കളെ സംബന്ധിച്ച ആശയകുഴപ്പവും ഉടലെടുത്തത്.
തുടികൊട്ടിപ്പാടിയാണ് ഗോത്രകലാരൂപമായ മംഗലം കളി അവതരിപ്പിക്കുക. 16 പേരടങ്ങിയ സംഘമാണ് ഓരോ ടീമിലും
വേണ്ടത്. 10 പേര്‍ കളിക്കുമ്പോള്‍ ആറു പേര്‍ കൊട്ടാനും പാടാനുമായി വേണം. എന്നാല്‍ 12 പേര്‍ മതിയെന്ന മാന്വല്‍ കലോത്സവ മാന്വല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മംഗലം കളി പ്രേമികള്‍ പറയുന്നത്.
മലവേട്ടുവര്‍, മാവിലര്‍ എന്നീ വിഭാഗക്കാരുടെ തനതു കലാരൂപമാണ് മംഗലംകളി. ഇരുവിഭാഗത്തിന്റെയും പാട്ടിലും ചുവടുകളിലും വ്യത്യസ്തതയുണ്ട്. രണ്ടു വിഭാഗത്തിന്റെയും രീതി സംബന്ധിച്ച് ആഴത്തിലുള്ള അറിവില്ലാത്തവര്‍ കലോത്സവ വേദിയില്‍ വിധി നിര്‍ണ്ണയം നടത്തുന്നതാണ് വിവാദത്തിനു ഇടയാക്കുന്നത്. നാടന്‍ പാട്ടുരംഗത്തുളളവരെയാണ് വിധി കര്‍ത്താക്കളായി നിയോഗിക്കുന്നത്. മംഗലം കളിയുടെ സത്തയെക്കുറിച്ച് വ്യക്തത ഇല്ലാത്തവര്‍ വിധി നിര്‍ണ്ണയും നടത്തുന്നത് ശരിയല്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.