തത്ത്വബോധം ന ജായതേ! | Narayanan Periya

‘വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ’-എന്ന് ആപ്തവാക്യം. നമ്മുടെ ഭരണഘടന ഈ തത്വം എത്രമാത്രം സാധൂകരിക്കുന്നുണ്ട് എന്ന് നോക്കാം.
ബ്രിട്ടനെ തുരത്തി ഇന്ത്യ സ്വതന്ത്രമായി. സ്വതന്ത്ര ഇന്ത്യയ്ക്ക്് സ്വന്തമായൊരു ഭരണക്രമം വേണം. അത് ജനാധിപത്യ ഭരണക്രമമാകട്ടെ-നമ്മുടെ നേതാക്കള്‍ തീരുമാനിച്ചു. ജനാധിപത്യം: ‘ഡെമോക്രസി’- മൂല്യം ഗ്രീക്ക് ഭാഷയില്‍. ഡെമോസ്-ജനങ്ങള്‍. ക്രാറ്റോസ്-ഗവണ്‍മെന്റ് അഥവാ ഭരണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടേതായ ഭരണം. അതിനൊരു ഭരണഘടന വേണം. അതുണ്ടാക്കാനായി ഭരണഘടനാ നിര്‍മ്മാണ സഭ-കോണ്‍സ്റ്റിറ്റിട്യുവന്റ് അസംബ്ലി- പ്രായ പൂര്‍ത്തി വോട്ടവകാശ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ മാതൃക തേടി നാലഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കരട് തയ്യാറാക്കിയവര്‍ നിയമജ്ഞരായിരുന്നു. കരട് നിര്‍മ്മാണക്കമ്മിറ്റിയുടെ അധ്യക്ഷന്‍ ഡോ. ബി.ആര്‍ അംബേദ്കര്‍. കരട് വായിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ച സഭയിലും ഭൂരിപക്ഷം പേരും നിയമജ്ഞര്‍.
എന്നിട്ടെന്തായി? ഭേദഗതിയോട് ഭേദഗതി. 1976നകം നാല്‍പ്പത്തൊന്ന് ഭേദഗതി. 42-ാം ഭേദഗതിയില്‍, ഭരണഘടനയുടെ ആമുഖത്തില്‍ (പ്രിയാംബിള്‍) വിശേഷണങ്ങള്‍ എന്ന നിലയില്‍ രണ്ടു പദങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ്, സെക്യുലര്‍. എന്താണ് ഈ പദങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഉദ്ദേശിക്കുന്നത് എന്ന് ഇന്നും വ്യക്തമുണ്ടോ ആര്‍ക്കെങ്കിലും? അത്യുന്നത ന്യായാസനങ്ങളിലിരിക്കുന്നവര്‍ക്കു പോലും?സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് വോട്ട് ചെയ്ത് അംഗീകരിച്ചിട്ടല്ല ഈ ഭേദഗതികള്‍ അംഗീകരിച്ചത്. അടിയന്തരാവസ്ഥയുടെ ഭീകരമായ കരിനിഴലിന്‍ കീഴിലായിരുന്നു അന്ന് രാജ്യം. തികച്ചും ജനാധിപത്യ വിരുദ്ധമായ അന്തരീക്ഷത്തില്‍. ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍-ഡി.കെ ബറുവ-പറഞ്ഞത് തന്നെ തെളിവ്: ഇന്ദിര എന്നാല്‍ ഇന്ത്യ; ഇന്ത്യ എന്നാല്‍ ഇന്ദിര.
സോഷ്യലിസ്റ്റ് എന്ന പദം ഉള്‍പ്പെടുത്തിയാല്‍ വ്യക്തി സ്വാതന്ത്ര്യം പരിമിതപ്പെടുത്താനാകും എന്ന് പറഞ്ഞ് ഡോ. അംബേദ്കര്‍ നിയമനിര്‍മ്മാണ സഭയില്‍ അതിനെ എതിര്‍ത്തിരുന്നു എന്ന് പില്‍ക്കാലത്ത് ഒരു ഹര്‍ജി അവതരിപ്പിച്ചുകൊണ്ട് അഡ്വ. വിഷ്ണുശങ്കര്‍ ജെയിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സുബ്രഹ്‌മണ്യം സ്വാമി ഉള്‍പ്പെയെടുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു: രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യല്‍, അവസരസമത്വം-എന്നിവയാണ് സോഷ്യലിസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സോഷ്യലിസം, മതേതരത്വം-ഇവ ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ല; എന്നാല്‍, ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ചോദ്യം ചെയ്യുന്നതെന്നു മറ്റൊരു ഹര്‍ജിക്കാരനായ അഡ്വ. അശ്വനികുമാര്‍ ഉപാധ്യായ പറഞ്ഞു. സുപ്രിംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല. വാദം തുടരും.
‘നമ്മുടെ ഭരണഘടന’ (അവര്‍ കോണ്‍സ്റ്റിട്യൂഷന്‍) എന്ന ഗ്രന്ഥത്തില്‍ നിയമജ്ഞനായ ഡോക്ടര്‍ സുഭാഷ് കെ. കാശ്യപ് പറയുന്നു: സെക്യുലറിസം എന്ന പദത്തിന് വ്യത്യസ്ത നിര്‍വചനങ്ങള്‍ സാധ്യം. സുപ്രിംകോടതിയുടെ കാഴ്ചപ്പാടും വ്യത്യസ്തം. വേരീഡ് ഫ്രം കേസ് ടു കേസ് ഡിപ്പെന്‍ഡിംഗ് അപ്പോണ്‍ ദ കോണ്‍സ്റ്റിട്യൂഷന്‍ ഓഫ് ഈച്ച് ബെഞ്ച്. പടിഞ്ഞാറന്‍ നാടുകളിലെന്നത് പോലെ ഇന്ത്യയില്‍ സെക്യുലറിസം വന്നത് രാഷ്ട്രവും മതവും തമ്മിലുള്ള വൈരുധ്യത്തില്‍ നിന്നല്ല. ഇന്ത്യയില്‍ വര്‍ഗീയതയുടെ മറുവശമാണ് സെക്യുലറിസം. രാഷ്ട്രം മതകാര്യങ്ങളില്‍ നിഷ്പക്ഷമാകണം (നൂട്രല്‍). സര്‍വ്വധര്‍മ്മ സമഭാവം. എന്ന് ഡോ. രാധാകൃഷ്ണന്‍ നിര്‍വചിച്ചു.
ജ. ഗജേന്ദ്ര ഗാഡ്ക്കര്‍: എല്ലാ പൗരന്മാര്‍ക്കും മതപരമായ കാര്യങ്ങളില്‍ തുല്യത. ഒരു മതത്തോടും രാഷ്ട്രത്തിന് പക്ഷപാതം പാടില്ല. എല്ലാ മതക്കാര്‍ക്കും തുല്യസ്വാതന്ത്രം; പരിഗണന.
42-ാം ഭേദഗതിയിലും നിര്‍വചനമില്ല. കേശവാനന്ദ ഭാരതി കേസിലും മിനര്‍വാമില്‍ കേസിലും സെക്യുലറിസം അടിസ്ഥാന സ്വഭാവം (ബേസിക് ഫീച്ചര്‍) ആണ് എന്ന് പറയുന്നു. എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല.
42-ാം ഭേദഗതി വരുന്നതിനു രണ്ടു കൊല്ലം മുമ്പ് 1974ല്‍ സെന്റ് സേവ്യര്‍ കോളേജ് സൊസൈറ്റിയും ഗുജറാത്ത് ഗവണ്‍മെന്റും എന്ന കേസ് പരിഗണിക്കവെ സുപ്രിം കോടതി പറഞ്ഞത് സെക്യുര്‍ സ്റ്റേറ്റ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഭരണഘടനാ നിര്‍മ്മാതാക്കള്‍ അത് സ്ഥാപിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന കാര്യത്തില്‍ അശേഷം സംശയമില്ല എന്നാണ്. ആരാണ് പിന്നെ അത് രേഖപ്പെടുത്തുന്നതിന് തടസ്സം നിന്നത്? ഭാവിയില്‍ തമ്മില്‍ തല്ലി തീരുമാനിച്ചു കൊള്ളട്ടെ എന്ന് വെച്ചുവോ? വാദിക്കാനും പ്രതിവാദം നടത്താനും അഭിഭാഷകന്മാരുണ്ട്. അവര്‍ വെറുതേയിരിക്കേണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപഠനം പാടുണ്ടോ ഇല്ലയോ? ഈ തര്‍ക്കം തീരാതിരിക്കുന്നതിനും കാരണം ഭരണഘടനയിലെ ഈ അവ്യക്തതയല്ലേ?
വാദേ വാദേ ജായതേ തത്വബോധം-പക്ഷെ, എത്ര വാദിച്ചാലും നമുക്ക് അത് ഉണ്ടാവുകയില്ല-തത്വബോധം!
ചുരുക്കിപ്പറയാം: ‘തത്വബോധം ന ജായതേ!’

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ടെ ആറ് ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയത് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം; കവര്‍ച്ചക്കാര്‍ ബണ്ട്വാളിലേക്ക് കടന്നതായി സംശയം, പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

You cannot copy content of this page