കാസര്‍കോട്: യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ആലംപാടി, അക്കരപ്പള്ളത്തെ അമീറലി (26), ആലംപാടി, എര്‍മാളത്തെ തമ്മു എന്ന അബൂബക്കര്‍ സിദ്ദിഖ് (26) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍, ബദിയഡുക്ക, ഹൊസ്ദുര്‍ഗ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ ഒന്‍പതോളം കേസുകളുള്ള ആളാണ് അമീറലിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
തമ്മുവിനെ മലപ്പുറം, വെള്ളാപ്പുവില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചട്ടഞ്ചാല്‍, കുന്നാറയിലെ കെ. അര്‍ഷാദി(26)നെ തട്ടിക്കൊണ്ടു പോയത്. കുന്നാറയിലെ ജീലാനി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തു സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന അര്‍ഷാദിനെ കാറിലെത്തിയ ഏഴംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ അര്‍ഷാദിനെ താമരശ്ശേരിയില്‍ ഇറക്കിവിട്ട സംഘം സ്ഥലം വിടുകയായിരുന്നു. അവിടെ നിന്നു ബസു കയറി നാട്ടിലെത്തി. തട്ടിക്കൊണ്ടു പോയ സംഘം ദേഹോപദ്രവം ചെയ്തതായി അര്‍ഷാദ് പൊലീസിനു മൊഴി നല്‍കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ കെ. വേലായുധന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹിതേഷ് രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.