കാസര്‍കോട്: ജനസംഖ്യാനുപാധികമായി പഞ്ചായത്ത് വിഭജനമോ നഗരസഭയോ ആകേണ്ട മംഗല്‍പ്പാടിയെ ഇത്തവണയും കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പഞ്ചായത്ത് രണ്ടായി വിഭജിക്കുകയോ, നഗരസഭയായി ഉയര്‍ത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മംഗല്‍പ്പാടി പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കുക സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ വാദം. വിഷയത്തില്‍ മംഗല്‍പ്പാടി പഞ്ചായത്ത് അംഗം മജീദ് പച്ചമ്പള അഭിഭാഷകന്‍ അനസ് ഷംനാട് മുഖേന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടും. കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് മംഗല്‍പാടി പഞ്ചായത്ത് ഇതിനോടകം തന്നെ പരമാവധി ജനസംഖ്യയുടെ ഇരട്ടി കൈവരിച്ചതായും അതിനാല്‍ 17 വാര്‍ഡുകള്‍ കൂടി വേണമെന്നും ഹരജിക്കാരന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. ജനസംഖ്യ കുത്തനെ ഉയര്‍ന്നിട്ടും ജനസംഖ്യ കുറഞ്ഞ പഞ്ചായത്തുകളുടെ അതേ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. ഇതു കാരണം ജനങ്ങള്‍ക്ക് കൃത്യ സമയങ്ങളില്‍ സേവനം നല്‍കാനാവാത്തതിനാല്‍ നൂറ് കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ജോലി സമ്മര്‍ദ്ദം ജീവനക്കാരില്‍ മാനസിക സംഘര്‍ഷത്തിനിടയാക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 15000 ല്‍ താഴെയാണെങ്കില്‍, കുറഞ്ഞത് 13 വാര്‍ഡുകള്‍ ഉണ്ടായിരിക്കണം, കൂടാതെ 15000 ന് മുകളിലുള്ള ഓരോ 2500 പേര്‍ക്ക് ഒരു പുതിയ വാര്‍ഡ് നല്‍കണമെന്ന പഞ്ചായത്ത് രാജ് ചട്ടം നിലനില്‍ക്കുമ്പോഴാണ് മംഗല്‍പ്പാടി പഞ്ചായത്തിന് മാത്രം ഈ ദുര്‍ഗതി. ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തുകളിലും ഗണ്യമായി കൂടുതല്‍ ജനസംഖ്യയുള്ള മംഗല്‍പ്പാടി പഞ്ചായത്തിലും ഒരേ സ്റ്റാഫ് പാറ്റേണ്‍ പ്രയോഗിക്കുന്നത് ശാസ്ത്രീയമല്ലെന്നും
പഞ്ചായത്തിലെ നികുതിദായകരായ ജനങ്ങളുടെ വികസന, ക്ഷേമം അടക്കമുള്ള അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും, അതിനാല്‍ പഞ്ചായത്ത് വിഭജിക്കുകയോ നഗരസഭയായി മംഗല്‍പ്പാടി പഞ്ചായത്തിനെ ഉയര്‍ത്തുകയോ ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.