കാസര്‍കോട്: മാതാവിന്റെ ഒക്കത്തിരുന്ന ഒരു വയസ്സുകാരിയുടെ കഴുത്തില്‍ നിന്നു പട്ടാപ്പകല്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത രണ്ടു യുവതികള്‍ കാഞ്ഞങ്ങാട്ടെത്തിയതായി സൂചന. തളിപ്പറമ്പ് മുതല്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പൊലീസിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാല പൊട്ടിച്ചെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് തളിപ്പറമ്പ്, സെയ്ദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്തത്. ആശുപത്രിയില്‍ മകളെയും കൊണ്ട് പരിശോധനയ്ക്ക് എത്തിയതായിരുന്നു ഫായിദ. പരിശോധനയ്ക്കു ശേഷം മരുന്നു വാങ്ങിക്കുകയായിരുന്നു. ഈ സമയത്ത് സ്ഥലത്ത് എത്തിയ രണ്ടു യുവതികള്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന കുട്ടിയുടെ സമീപത്ത് നിലയുറപ്പിച്ചാണ് തന്ത്രപൂര്‍വ്വം മാല പൊട്ടിച്ചെടുത്തത്. പിന്നീടാണ് മാല നഷ്ടപ്പെട്ട കാര്യം മാതാവ് അറിഞ്ഞത്. കുട്ടിയുടെ പിതാവ് ഉസാമ മൂസയുടെ പരാതി പ്രകാരം തളിപ്പറമ്പ് പൊലീസ് കേസെടുത്തു. യുവതികള്‍ റോഡിന്റെ മറുഭാഗത്തു നിന്നു വരുന്നതിന്റെയും മാല പൊട്ടിക്കുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ സ്വദേശികളായ പുനിയ (27), ഗീത (38) എന്നിവരുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും അടുത്തിടെ തലശ്ശേരിയില്‍ സമാനകേസില്‍ അറസ്റ്റിലായിരുന്നു. ഇരുവര്‍ക്കുമെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു.