കണ്ണൂര്‍: അനാഥാലയത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ രണ്ടു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി ജയരാജ്, തിരുവനന്തപുരത്തെ നാഗേഷ് എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ സനീദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിരുവനന്തപുരത്തു വച്ചായിരുന്നു അറസ്റ്റ്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെ പയ്യന്നൂര്‍, തെക്കേ ബസാര്‍, അമ്പലം റോഡിലെ എല്‍. തങ്കമ്മ (80)യുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് കേസ്.
കര്‍ണ്ണാടകയിലെ ഒരു സ്ഥാപനത്തിലേക്കെന്ന പേരില്‍ വസ്ത്രങ്ങളും സംഭാവനകളും ശേഖരിക്കുന്നതിനാണ് ഇരുവരും തങ്കമ്മയുടെ വീട്ടിലെത്തിയത്. അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും തങ്കമ്മയുടെ വീട്ടില്‍ സംഭാവനക്കെത്താറുണ്ടായിരുന്നുവെന്നു പറയുന്നു. അതു കൊണ്ട് ഇരുവരെയും കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. 50 രൂപ സംഭാവനയായി നല്‍കി. പഴയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിനകത്തേക്ക് പോകവെ ജയരാജും നാഗേഷും പിന്നാലെ ചെന്നു. അകത്തേക്കു കടക്കുന്നതു തങ്കമ്മ തടഞ്ഞു. ഇതിനിടയില്‍ തങ്കമ്മ തങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞ് ഒരാള്‍ കാല്‍തൊട്ടു വന്ദിച്ചു. അനുഗ്രഹിക്കാനായി കുനിഞ്ഞപ്പോള്‍ രണ്ടാമന്‍ തങ്കമ്മയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു. നിലവിളിക്കുന്നതിനിടയിലും തങ്കമ്മ മാലയില്‍ നിന്നു പിടിവിട്ടില്ല. പിടിവലിക്കിടയില്‍ പൊട്ടിയ മാലയുടെ ഒരു ഭാഗവുമായി അക്രമികള്‍ കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു. നേരത്തെ സംഭാവനക്കായി വന്നപ്പോള്‍ നല്‍കിയ രശീതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലപൊട്ടിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. പ്രതികളുമായി പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദിന്റെ മേല്‍നോട്ടത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്. പൊലീസുകാരായ അബ്ദുല്‍ ജബ്ബാര്‍, ദീപക് എന്നിവരും ഉണ്ടായിരുന്നു.







