കാസര്‍കോട്: മാസങ്ങള്‍ക്ക് മുമ്പ് ഷൊര്‍ണ്ണൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് കമാന്റര്‍ വയനാട്, കല്‍പ്പറ്റ സ്വദേശി സോമനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. യു.എ.പി.എ ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് സോമന്‍. ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ കോടതി പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവില്‍ പോയ സോമന്‍ നാടുകാണി, കബനി ദളങ്ങളുടെ കമാന്റര്‍ ആയി വളര്‍ന്നു. കേരള പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നോട്ടപ്പുള്ളിയായി മാറിയ സോമന്‍ മക്കിമലയില്‍ കുഴി ബോംബു കണ്ടെത്തിയതോടെയാണ് വീണ്ടും ശ്രദ്ധേയനായത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തോക്കേന്തി സോമന്‍ ഉള്‍പ്പെടെ നാലു മാവോയിസ്റ്റുകള്‍ കമ്പമല എസ്റ്റേറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നു ആഹ്വാനം ചെയ്തിരുന്നു. ഇതേ ചൊല്ലി തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായതോടെ നാലുപേരും കാട്ടിലേക്കു മടങ്ങി. പിന്നീട് ഇക്കഴിഞ്ഞ ജുലൈ മാസം കര്‍ണ്ണാടയിലേക്ക് പോകുന്നതിനിടയിലാണ് സോമന്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
