പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. കോങ്ങാട് മണ്ണാന്തറ സ്വദേശി കൃഷ്ണന്റെയും ഓമനയുടെയും മകൻ കെ.കെ.വിജേഷ് (35), വീണ്ടപ്പാറ സ്വദേശി ചിദംബരന്റെ മകൻ രമേശ് (31), വെള്ളയന്തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകൻ വിഷ്ണു (30), കോങ്ങാട് മണിക്കശേരി എസ്റ്റേറ്റ് മെഹമൂദിന്റെ മകൻ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. . ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന നാലു പേർ അപകടസമയം തന്നെ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.
കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ചരക്കു ലോറി കോയമ്പത്തൂർ ഭാഗത്തേക്കു പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനെത്തിച്ച് വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന്
ജില്ലാ ആശുപത്രിയിൽ സ്ഥാനാർഥികളടക്കമുള്ള ജനപ്രതിനിധികൾ എത്തിച്ചേർന്നിട്ടുണ്ട്.
