കാസര്‍കോട്: പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അധികൃതര്‍ വാക്കാല്‍ നടപടി കടുപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൊഗ്രാല്‍ ബീച്ചില്‍ വ്യാപകമായി തള്ളുന്നതായി പരാതി. വീടുകളിലെയും, വിവാഹ ചടങ്ങുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കടപ്പുറത്തേക്ക് വലിച്ചെറിയുന്നതെന്നാണ് പരാതി. മാലിന്യം കൂട്ടിയിട്ട് ചിലര്‍ തീ ഇടുന്നതായും പറയുന്നുണ്ട്.
പൊതുയിടങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് പിഴ ഈടാക്കാന്‍ തുടങ്ങുന്നതിനിടയിലാണ് മാലിന്യ കെട്ടുകള്‍ കടപ്പുറത്തേക്ക് ഉന്തിത്തുടങ്ങിയത്. 2025 ജനുവരി 26ന് കാസര്‍കോടിനെ മാലിന്യമുക്തമാക്കാനിരിക്കെയാണ് ഈ പരിപാടി. മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മ്മ സേനയും എല്ലാ പ്രദേശങ്ങളിലും വീടുകളില്‍ എത്തുന്നുണ്ട്. പോരാത്തതിന് മിനി എം.സി.എഫുമുണ്ട്. ഇതിനെയൊന്നും ഉപയോഗപ്പെടുത്താതെയാണ് കടപ്പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്.
