കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിയടക്കമുള്ള ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാര്‍ തിങ്കളാഴ്ച പൈവളിഗെയില്‍ നിന്നു കണ്ടെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അസ്‌കര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഈ കാറാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കാര്‍ കണ്ടെത്തുന്നതിനു വേണ്ടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് കാര്‍ തിങ്കളാഴ്ചയോടെ പൈവളിഗെയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ രണ്ടു ദിവസത്തിനകം കോടതിയില്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. കാറുടമയായ അസ്‌കര്‍ അലിയടക്കം ആറു പേര്‍ ഗള്‍ഫിലുള്ളതായാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. ഇവരെ നാട്ടിലെത്തിക്കുന്നതിന്റെ മുന്നോടിയായി റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാനുള്ള അന്തിമ ശ്രമത്തിലാണ് അന്വേഷണ സംഘം. നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച് സംഘം.
2022 ജൂണ്‍ 26ന് ആണ് പുത്തിഗെ, മുഗുറോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടു പോയി പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദ്ദിക്കുകയും മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി കൊലപ്പെടുത്തിയതെന്നുമാണ് കേസ്. മരണം സംഭവിച്ചുവെന്നു ഉറപ്പായതോടെ അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതികളടക്കമുള്ളവരെ കണ്ടെത്താനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കേസന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവായത്.
