നാരായണന്‍ പേരിയ
തല ചൊറിയാന്‍ മുട്ടിയാല്‍ എന്തു ചെയ്യും? അമര്‍ത്തി മാന്തും, തെല്ലൊരു ശമനം കിട്ടും വരെ. നാവ് ചൊറിഞ്ഞാലോ? അതും ഇതും പുലമ്പിക്കൊണ്ടേയിരിക്കും; അത് ഒരു രോഗലക്ഷണമാണ്, ചികിത്സയുണ്ട്-മുഖമടച്ച് ഒരു വീക്ക്, നല്ല കനത്തില്‍.
വളരെ കരുതലോടെ ഉപയോഗിക്കേണ്ട അവയവമാണ് നാവ്. നമ്മുടെ ശരീരത്തില്‍ നാവിന്റെ ഘടന തന്നെ അങ്ങനെയാണ്. സൂക്ഷിച്ചേ അത് ഇളക്കാവു. നമ്മുടെ ‘വദനഗഹ്വര’ത്തില്‍-അതായത്, വായ എന്ന ഗുഹയില്‍-കട ഭാഗം ഉറപ്പിച്ച്, ശേഷം മുമ്പോട്ടു നീട്ടാന്‍ തക്ക വിധത്തില്‍. നീട്ടുന്നതിനും അതിരുണ്ട്-ദന്തനിര എന്ന വേലിക്കെട്ട്. അതിനും പുറത്ത് ചുണ്ടുകള്‍ കൊണ്ടൊരു മതില്‍. ആശയപ്രകടനത്തിനുള്ള അവയവമാണ് നാവ്. തോന്നുന്നതെന്തും, സ്ഥലകാലങ്ങള്‍ നോക്കാതെ വിളിച്ചു പറയാന്‍ പാടില്ല. ആലോചിക്കണം, ഇപ്പോള്‍ പറയാന്‍ പാടുണ്ടോ എന്ന്. പാടില്ല എങ്കില്‍ നാവ് അടക്കണം. നാവ് ചൊറിച്ചില്‍ മാറ്റാന്‍ വേണമെങ്കില്‍ അതിന്റെ അറ്റം കടിച്ചോളു. അപ്പോഴേക്കും ബുദ്ധി തെളിയും. വകതിരിവുണ്ടാകും; വിവേകമുദിക്കും.
പറയേണ്ടത് എപ്പോള്‍ പറയണം എന്ന് ആലോചിക്കണം. സ്ഥലകാല ബോധമില്ലാതെ, സന്ദര്‍ഭം നോക്കാതെ പറയാന്‍ പാടില്ല. ആരെക്കുറിച്ചാണോ പറയുന്നത്, ആ വ്യക്തിയെ അത് എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കണം. അമ്പ് തൊടുക്കുന്ന വില്ലാളിയേക്കാള്‍ ലക്ഷ്യബോധം വേണം നാവിളക്കുന്ന വക്താവിന്. കാരണം ഇതാ, ഈ വരികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഋഷികവി.
‘അമ്പുകൊണ്ടുള്ള വ്രണം കാലത്താല്‍ ശമിച്ചിടും
കൊമ്പുകള്‍ കണ്ടിച്ചാലും പാദപം തളിര്‍ത്തിടും
കേടുകൂടാത്ത വാക്കാമായുധം പ്രയോഗിച്ചാല്‍
കര്‍ണ്ണങ്ങള്‍ക്കകംപുണ്ണായലതു പിന്നെ
പൂര്‍ണ്ണമായ് ശമിക്കില്ല…
അര്‍ത്ഥം വ്യക്തമായില്ലേ? മരക്കൊമ്പ് വെട്ടിമുറിക്കുന്ന വെട്ടുകത്തിയേക്കാള്‍, ശരീരത്തില്‍ തുളച്ചുകയറുന്ന ശരമുനയെക്കാള്‍ മാരകമാണ് കേള്‍ക്കാന്‍ പാടില്ലാത്ത വാക്ക്.
ഇതെല്ലാം ഇപ്പോള്‍ പറയേണ്ടി വന്നത് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ഒരു സംഭവം നിമിത്തമാണ്. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് യോഗം. അവിടെ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നാവ് ചൊറിഞ്ഞു. ഉഗ്രവിഷം തെറിപ്പിച്ചു. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി എന്ന് വിളിച്ചു പറഞ്ഞു. ഈ ആക്ഷേപ ശരത്തില്‍ നിന്നും മുറിവേറ്റ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി.
ഒരു പെട്രോള്‍ പമ്പിന് ‘നിരാക്ഷേപ പത്രം’ (നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്-എന്‍.ഒ.സി) നല്‍കാന്‍ എ.ഡി.എം കൈക്കൂലി വാങ്ങി എങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അക്കാര്യം അറിയിക്കേണ്ടവരെ-അതായത് എ.ഡി.എമ്മിന്റെ പേരില്‍ നടപടിയെടുക്കാന്‍ അധികാരമുള്ളവരെ അറിയിക്കുകയല്ലേ വേണ്ടത്? പൊതുയോഗത്തില്‍ അതും ആ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് യോഗത്തില്‍ വിളിച്ചു പറയുകയാണോ? എ.ഡി.എം കൈക്കൂലി വാങ്ങിയെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ വിളിച്ചുപറഞ്ഞുവെന്നല്ലേ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി ലഭിക്കാന്‍ കൈക്കൂലി കൊടുത്ത പ്രശാന്തന്‍, തന്റെ വക്കാലത്ത് കൊടുത്തിട്ടുണ്ടാകും ദിവ്യക്ക്.
കൈക്കൂലി വാങ്ങുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റം. ആരെങ്കിലും കൊടുത്താലല്ലേ വാങ്ങാനൊക്കു. കൈക്കൂലി കൊടുക്കുന്നതും കുറ്റമാണ്-അഴിമതി നിരോധന നിയമം എട്ടാം വകുപ്പ് പ്രകാരം ഏഴുവര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ. കൈക്കൂലി കൊടുത്തു എന്ന പ്രസ്താവനയല്ലാതെ മറ്റൊരു തെളിവും ആവശ്യമില്ല. കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതനായതാണ് എങ്കില്‍ ഏഴു ദിവസത്തിനകം മേലുദ്യോഗസ്ഥന് പരാതി നല്‍കണം. ഇതാണ് നിയമം. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമായ കുറ്റമാകുന്നു എന്ന് സര്‍ക്കാരോഫീസുകളില്‍ അറിയിപ്പ് പലക സ്ഥാപിച്ചിട്ടുണ്ടല്ലോ. ഉത്തരവാദപ്പെട്ട സ്ഥാനത്ത് അവരോധിക്കുമ്പോള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമബോധം നല്‍കണമായിരുന്നു അവരുടെ രാഷ്ട്രീയപാര്‍ട്ടി.
ഇവിടെ, കൈക്കൂലി വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന എ.ഡി.എമ്മിനെതിരെ കളക്ടര്‍ക്കോ മുഖ്യമന്ത്രിക്കോ പരാതി നല്‍കിയിട്ടില്ല എന്നാണറിയുന്നത്. വിജിലന്‍സിനും പരാതി നല്‍കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മിണ്ടാതിരുന്നു. യാത്രയയപ്പ് വരെ. കൈക്കൂലി കൊടുത്ത പ്രശാന്തന്‍ കുറ്റവാളിയാണ്; അക്കാര്യം അറിഞ്ഞിട്ടും യഥാസമയം
അക്കാര്യം അറിയിക്കേണ്ടവരെ അറിയിക്കാതിരുന്ന ദിവ്യയും കുറ്റവാളിയാണ്.
നിയമബോധവല്‍ക്കരണം നാടെങ്ങും നടക്കാറുണ്ടല്ലോ. കൈക്കൂലിയെ സംബന്ധിക്കുന്ന നിയമങ്ങള്‍ അതിന്റെ നടപടിക്രമം-പൊതുജനത്തിന് അറിഞ്ഞുകൂടാ. അതാണ് കൈക്കൂലി എന്ന മാറാവ്യാധിക്ക് കാരണം. കൈക്കൂലി കിട്ടിയാലേ ചെയ്യേണ്ടത് ചെയ്യൂ എന്ന് പറയുന്ന ഉദ്യോഗസ്ഥനെ കൈയോടെ പിടിപ്പിക്കണം. വിജിലന്‍സിനെ അറിയിച്ചാല്‍ വേണ്ടത് അവര്‍ ചെയ്തു കൊള്ളും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന ഉത്തരവാദിത്വമുള്ള പദവിയിലിരിക്കെ കൃത്യനിര്‍വ്വഹണത്തിന് വീഴ്ച വരുത്തി. തന്നെ തിരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണത്. പി പി ദിവ്യയെ സ്ഥാനാര്‍ത്ഥിയാക്കി അവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രസംഗിച്ച, തുടര്‍ന്ന്, അവരെ പ്രസിണ്ടായി നിയോഗിച്ച രാഷ്ട്രീയപ്പാര്‍ട്ടിക്കും ഉത്തരവാദിത്വമുണ്ട്. ” ജിഹ്വാേ്രഗ കാളകൂടം” -അത് പോരാ രാഷ്ട്രീയ നേതാക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക്.
Very interesting 👌