പി പി ചെറിയാന്‍
സവന്ന, ജോര്‍ജിയ: ജോര്‍ജിയയിലെ സപെലോ ദ്വീപില്‍ ശനിയാഴ്ച കടത്തുകടവ് ഭാഗികമായി തകര്‍ന്നു ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സംസ്ഥാന അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഗാംഗ്വേ തകര്‍ന്നു 20 പേരെങ്കിലും വെള്ളത്തില്‍ വീണതായി ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സ് പറഞ്ഞു. മരിച്ച ഏഴ് പേര്‍ക്ക് പുറമേ, ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് രണ്ട് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രികളിലെത്തിച്ചതായി ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സിനൊപ്പം ക്യാപ്റ്റന്‍ ക്രിസ് ഹോഡ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ഷ് ലാന്‍ഡിംഗ് ഡോക്കിലെ ഗാംഗ്വേ തകര്‍ന്നതിനെക്കുറിച്ചു അധികൃതര്‍ക്ക് വിവരം ലഭിച്ചത് ഉച്ചകഴിഞ്ഞ് 3:50 ഓടെയാണ്. സോണാറും ഹെലികോപ്റ്ററുകളും ഘടിപ്പിച്ച ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചത്. തകര്‍ച്ചയുടെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു ഹോഡ്ജ് പറഞ്ഞു. എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടീം സംഭവസ്ഥ സ്ഥലം പരിശോധിച്ചു. ദുരന്തത്തില്‍ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് അഗാധ ദുഃഖം പ്രകടിപ്പിച്ചു. രക്ഷ പ്രവര്‍ത്തനം തുടരുകയാണ്. ജോര്‍ജിയയിലെ സവന്നയില്‍ നിന്ന് 70 മൈല്‍ തെക്കാണു സപെലോ ദ്വീപ്.