കാസര്‍കോട്: അസൂയാലുക്കളും ആയുര്‍വേദ-അലോപ്പതി-ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതെന്നു വൈദ്യരത്‌നം ജമാലുദ്ദീന്‍ വൈദ്യര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മംഗല്‍പ്പാടി പഞ്ചായത്തിലെ പച്ചിലംപാറയില്‍ വ്യാഴാഴ്ച നടന്ന ക്യാമ്പില്‍ വ്യാജ ഡോക്ടര്‍ വ്യാജമരുന്നു നല്‍കുന്നുവെന്ന പേരിലാണ് തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നു ജമാലുദ്ദീന്‍ പറഞ്ഞു. ഒരിടത്തും താന്‍ ഡോക്ടര്‍ ആണെന്നു പറഞ്ഞിട്ടില്ലെന്നും പാരമ്പര്യ വൈദ്യന്‍ എന്ന നിലയില്‍ പുറമേയ്ക്ക് പുരട്ടാനുള്ള തൈലം മാത്രമാണ് കൊടുക്കുന്നതെന്നും ഫിസിയോതെറാപ്പിയും യോഗയും രോഗികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് തെറ്റല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റോട് കൂടി വേദനക്ക് നല്‍കുന്ന തൈലത്തിന്റെ പേരിലാണ് വ്യാജ ഡോക്ടര്‍ എന്ന പേരില്‍ തനിക്കെതിരെ പരാതി നല്‍കി കേസെടുപ്പിച്ചതെന്നു ജമാലുദ്ദീന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
