കാസര്‍കോട്: അഴിത്തല പുലിമുട്ടില്‍ നടന്ന ബോട്ടപകടത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളി മുജീബിനായി നേവിയും, കോസ്റ്റല്‍ പൊലീസും, ഫിഷറീസും ചേര്‍ന്നുള്ള തെരച്ചില്‍ തുടരുന്നു.
എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അഴിത്തലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം ബോട്ട് അപകടത്തില്‍ മരിച്ച അബൂബക്കര്‍ കോയ എന്ന കോയമോന്റെ (58) മൃതദേഹം ബുധനാഴ്ച രാത്രി തന്നെ ഇന്‍ക്വസ്റ്റ്, പോസ്റ്റേ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മാലിക് ദീനാര്‍ പള്ളിയില്‍ പരിപാലന കര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ മലപ്പുറം ജില്ലയില്‍ പരപ്പ നങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. അപകടം സംഭവിച്ച മല്‍സ്യബന്ധന ബോട്ടിന്റെ പകുതിഭാഗം അഴിത്തല ബദ്ര് മസ്ജിദ് സമീപം കടല്ക്കരയില് പുലര്‍ച്ചെ കണ്ടത്തി. ബുധനാഴ്ച രാവിലെ 37 മല്‍സ്യത്തൊഴിലാളികളുമായി വലിയപറമ്പ് മാവിലാടത്തുനിന്ന് കടലില്‍ പോയ ‘ഇന്ത്യന്‍’ ബോട്ടാണ് കള്ളക്കടല്‍ പ്രതിഭാസത്തില്പ്പെട്ട് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നുമണിയോടെ 35 തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും, ഫിഷറീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഒരാള്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടില്‍ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
