ബ്യൂണസ് ഐറിസ്: വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലിയാം പെയിന്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് ചാടിയതാണെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്. ലിയാം പെയിനും കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു. യുഎസ് ഹാരി സ്റ്റൈല്‍സ്, നിയല്‍ ഹോറന്‍, ലൂയിസ് ടോമില്‍സണ്‍, സെയിന്‍ മാലിക് എന്നിവരോടൊപ്പം രൂപീകൃതമായ വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു. വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്‌സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്‌സ് ആണ്.
എക്സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാന്‍ഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് 2015 ല്‍ ബാന്‍ഡ് പിരിയുന്നതു വരെ പോപ്പ് സംഗീത ലോകത്തെ മുടിചൂടാ മന്നന്മാരായി വിരാചിക്കുകയായിരുന്നു അവര്‍. അപ് ഓള്‍ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോര്‍(2015) എന്നിങ്ങനെ നാല് സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ വണ്‍ ഡി പുറത്തിറക്കിയിട്ടുണ്ട്.