കാസർകോട്: അഴിത്തല അഴിമുഖത്ത് കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട് അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബ് എന്ന മുനീറിന്റെ (47) മൃതദേഹമാണ് കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയത്. അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിനെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പൊലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ പൊലീസിന്റെ പട്രോള്‍ ബോട്ടും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിൽ വലയുടെയും ബോട്ടിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കോസ്റ്റല്‍ പൊലീസ് സി.ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഹോസ്ദുര്‍ഗ് താഹ്‌സില്‍ദാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടന്ന സ്വദേശി ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ എന്ന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 37 മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. അപകടത്തിൽ മുങ്ങിപ്പോയ പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ കോയ (57) യുടെ മൃതദേഹം ഇന്നലെ വൈകിട്ടു തന്നെ കണ്ടെത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുകയും ചെയ്‌തു. മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
