കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും കത്തിപ്പടരുന്നതിനിടയില്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.പി സുരേഷ് ബാബുവിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ഡിവൈ.എസ്.പി.യെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ചെങ്ങളായിയില്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പിനു എന്‍.ഒ.സി ലഭിക്കുന്നതിന് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നു കാണിച്ച് പമ്പുടമയായ ടി.വി പ്രശാന്തന്‍ ഒക്ടോബര്‍ പത്തിനു കണ്ണൂര്‍ ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിരുന്നതായി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഡിവൈ.എസ്.പി.യെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നാണ് സൂചന. അതേ സമയം ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിനു അപേക്ഷ നല്‍കിയ പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്ന പരാതിയും കണ്ണൂര്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. ഇതിന്മേലുള്ള അന്വേഷണ കാര്യത്തിലും വിജിലന്‍സ് ഡയറക്ടറുമായുളള കൂടിക്കാഴ്ചയില്‍ തീരുമാനമാകുമെന്നാണ് സൂചന. അതേ സമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ രാജി ആവശ്യം ശക്തമായി തുടരുകയാണ്. ദിവ്യയ്ക്കെതിരായ ആരോപണത്തെ കുറിച്ച് അന്വേഷിച്ച് തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
