കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന ഓവുചാലിൽ വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹവേരി സിറ്റി സ്വദേശി നിവേദൻ ബസവരാജ് ഗുഡിക്കേരിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞദിവസം പെയ്ത മഴയെ തുടർന്ന് പ്രദേശത്ത് ചെറിയതോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. റോഡിൽ വെള്ളം നിറഞ്ഞൊഴുകുന്നത് കാണാൻ പുറത്തുപോയ കുട്ടി തുറന്ന ഓടയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ അതിൽ ചവിട്ടിയപ്പോൾ ഒലിച്ചുപോവുകയായിരുന്നു. ഹാവേരി എസ്പിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങൾ അടങ്ങുന്ന ദുരിതാശ്വാസ സംഘം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ മാതാവ് കുഴഞ്ഞുവീണു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ വിജയ മഹന്തേഷ്, പൊലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ എന്നിവർ സ്ഥലത്തെത്തി. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹവേരി എംപിയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു.