കാസര്‍കോട്: ഉപ്പള, അട്ടഗോളിയില്‍ മീന്‍ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 1.64 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൈവളിഗെ സ്വദേശിയായ യൂസഫാണ് കൊള്ളയ്ക്ക് ഇരയായത്. യൂസഫ് പതിവുപോലെ മംഗ്‌ളൂരുവിലേക്ക് മീന്‍ ലോഡ് എടുക്കാന്‍ പോവുകയായിരുന്നു. അട്ടഗോളിയില്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ലോറി തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞപ്പോള്‍ കത്തി ഡ്രൈവറുടെ കഴുത്തിനോട് അടുപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ലോറിയില്‍ ഉണ്ടായിരുന്ന പണം കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമി സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അക്രമികളെ വേഗത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
