കാസര്‍കോട്: തിരക്കേറിയതും, നൂറുകണക്കിന് ചെറുവാഹനങ്ങള്‍ കടന്നു പോകുന്നതുമായ കുമ്പള സ്‌കൂള്‍ റോഡില്‍ മര ചില്ലകള്‍ ഒടിഞ്ഞു വീഴുന്നത് പതിവാകുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര, ഓട്ടോ യാത്രക്കാര്‍ക്കും ആശങ്കയുണ്ടാക്കുന്നു.
കാലവര്‍ഷം തുടങ്ങിയത് മുതലുള്ള പതിവ് കാഴ്ചയാണിത്. വൈദ്യുതി കമ്പികള്‍ക്കു മുകളിലാണ് വലിയ മരച്ചില്ലകള്‍ ഒടിഞ്ഞു വീഴുന്നത്. സ്‌കൂള്‍ റോഡില്‍ ഒരുപാട് അപകടാവസ്ഥയിലായ മരങ്ങളുണ്ടെന്ന് കുമ്പള ടൗണ്‍ നിവാസികള്‍ പറയുന്നു. ഇതിനടുത്താണ് ജില്ലാ സഹകരണ ആശുപത്രിയും, യുപി സ്‌കൂളും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്. സ്‌കൂള്‍ റോഡിലായിട്ട് പോലും ഇവ വെട്ടി മാറ്റാത്തതു പരാതി വ്യാപകമാക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം വലിയ മരക്കൊമ്പൊടിഞ്ഞു വൈദ്യുതി കമ്പിയില്‍ തൂങ്ങിക്കിടക്കുന്നതു അതുവഴി നടന്നു പോകുന്ന കാല്‍നട യാത്രക്കാരാണ് കണ്ടത്. വിവരം പ്രദേശവാസികളും, സ്‌കൂള്‍ അധികൃതരും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരക്കൊമ്പുകള്‍ എടുത്ത് മാറ്റിയത്. സ്‌കൂള്‍ സമയത്തുണ്ടായ അപകടം ദുരന്തഭീഷണി ഉയര്‍ത്തിയിരുന്നു.
സ്‌കൂള്‍ റോഡിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.
