കാസര്‍കോട്: ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച സ്വര്‍ണ്ണവടി തിരികെ നല്‍കിയില്ലെന്ന വിരോധത്തില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ചിത്താരി, വാണിയംപാറ റോഡ് ജംഗ്ഷനിലെ എം. അഷ്‌റഫ്(35), സൗത്ത് ചിത്താരിയിലെ സി.കെ ഷഹീര്‍ (21), ചിത്താരി പുതിയവളപ്പ് ഹൗസിലെ ഇബ്രാഹിം ഖലീല്‍ (30), പടന്നയിലെ യാസര്‍ (40) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്. പള്ളിക്കര, പൂച്ചക്കാട്, ചെറിയ പള്ളിക്കു സമീപത്തെ പി.പി അബ്ദുല്‍ മജീദിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ അഷ്‌റഫും രണ്ടാംപ്രതിയായ ഷഹീലും പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കാറില്‍ തട്ടിക്കൊണ്ടു പോവുകയും പടന്നയിലെ റിസോര്‍ട്ടില്‍ എത്തിച്ചു മര്‍ദ്ദിച്ചുവെന്നും കേസില്‍ പറയുന്നു. ഇരുമ്പുവടി, ഇലക്ട്രിക് ബാറ്റണ്‍ എന്നിവ കൊണ്ട് ആക്രമിച്ചുവെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. സ്വര്‍ണ്ണമോ, പണമോ, പറമ്പോ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.
