കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. സെഷന്‍സ് കോടതി വിധി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്നു ആരോപിച്ചാണ് കെ. സുരേന്ദ്രനും ബിജെപി നേതാക്കളായ മറ്റു അഞ്ചു പ്രതികളും ജില്ലാ സെഷന്‍സ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ. സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും പത്രിക പിന്‍വലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസില്‍ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയ സാഹചര്യം ഒരുക്കിയത് സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണയുടെ ഫലമാണെന്നും കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിച്ചിരുന്നു.
