കാസര്‍കോട്: 24 കേസുകളില്‍ പ്രതിയായി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന ഉള്ളാള്‍ സ്വദേശിയെ മഞ്ചേശ്വരത്തു നിന്ന് പിടികൂടി. ഉള്ളാള്‍ മഞ്ഞനാടി ബദ്രിയ നഗര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ യാന്‍ (27) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കൊണാജെ ഇന്‍സ്‌പെക്ടര്‍ ബി രാജേന്ദ്ര, സബ് ഇന്‍സ്‌പെക്ടര്‍ എസ് നാഗരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
കൊണാജെ, ഉള്ളാള്‍, കടബ, ബാര്‍ക്കെ, ഉപ്പിനങ്ങാടി, പുത്തൂര്‍, ബണ്ട്വാള്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ പ്രതിയാണ് യുവാവ്. ഈ കേസുകളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ യാന്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
