കൊല്ലം: ചിതറയില്‍ പൊലീസ് ഉദ്യോഗസ്ഥനായ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദാ(28 )ണ് കൊല്ലപ്പെട്ടത്. അടൂര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗര്‍ സ്വദേശിയും പൊലീസുകാരനുമായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സഹദിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം.
സഹദിന്റെ പിതാവ് അബ്ദുള്‍ സലാമാണ് മുറിക്കുള്ളില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ട് കിടക്കുന്നത് ആദ്യം കണ്ടത്. ഒരാഴ്ചയായി ഇര്‍ഷാദ് സഹദിന്റെ വീട്ടില്‍ വന്ന് പോകുന്നത് പതിവായിരുന്നു. എംഡിഎംഎ കേസില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയതിട്ടുള്ളയാണ് സഹദ്. അടൂര്‍ പൊലീസ് ക്യാമ്പിലെ സ്‌പോര്‍ട്‌സ് ഹവില്‍ദാറായ ഇര്‍ഷാദിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ലഹരിയുടെ പുറത്തുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്.
