കാസര്‍കോട്: പറമ്പില്‍ അതിക്രമിച്ചു കയറി പലതവണകളായി 20,000 രൂപ വില വരുന്ന തേങ്ങകള്‍ മോഷ്ടിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബംബ്രാണ, തിലകനഗര്‍, ചൂരിത്തടുക്കയിലെ എസ്. ശ്രീധര(41)നെയാണ് പിടികൂടിയത്. വിവരമറിഞ്ഞ് എത്തിയ കുമ്പള എസ്.ഐ ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. ആരിക്കാടി, കാളികാവ് ക്ഷേത്രത്തിനു സമീപത്തെ എം. മുഹമ്മദി(50)ന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് തേങ്ങ മോഷ്ടിച്ചത്. തേങ്ങ മോഷ്ടാവിനെ തടഞ്ഞുവച്ച നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ശ്രീധരനെ അറസ്റ്റു ചെയ്യുകയും ചാക്കില്‍ നിറച്ച തേങ്ങകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.