കാസര്‍കോട്: സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടയില്‍ ഓഡിറ്റോറിയത്തില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം പടക്കം പൊട്ടിച്ച് ഭീതി പരത്തിയ ശേഷം അക്രമം കാണിച്ചതായി പരാതി. തളങ്കര, ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതി പ്രകാരം മുഹമ്മദ് ഷഹബാനും മറ്റു 20പേര്‍ക്കുമെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 9ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. ഒന്നാം പ്രതിയും സംഘവും സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ഓഫീസിലും അതിക്രമിച്ചു കയറുകയും ഓഡിറ്റോറിയത്തില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത പി.ടി.എ വൈസ് പ്രസിഡണ്ടിനെയും ഓഫീസ് സ്റ്റാഫിനെയും കയ്യേറ്റം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാതിരുന്ന അക്രമി സംഘം ഓഫീസിന്റെ ജനല്‍ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഫൈബര്‍ കസേരകള്‍ തകര്‍ത്തതായും പരാതിയില്‍ പറഞ്ഞു.
