കാസര്‍കോട്: ട്രെയിനില്‍ ഗുരുതരാവവസ്ഥയില്‍ കണ്ട ആളെ ഉടനടി ആശുപത്രിയില്‍ എത്തിച്ച് കാസര്‍കോട് റെയില്‍വേ പൊലീസ് വീണ്ടും മാതൃകയായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ദക്ഷിണ കന്നഡ സ്വദേശി ജോബി ദേവസ്യ അരങ്ങശേരി എന്ന യാത്രക്കാരനാണ് റെയില്‍വേ പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലം ജീവിതം തിരികെ കിട്ടിയത്. കൊച്ചുവേളിയിലേക്കുള്ള കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു ജോബി. മംഗളൂരു ജംങ്ഷനിലാണ് ഇയാള്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അവശനിലയിലായതിനാല്‍ ഇറങ്ങാനോ എഴുന്നേല്‍ക്കാനോ സാധിച്ചില്ല. പുലര്‍ച്ചെ ആയതിനാല്‍ മറ്റുയാത്രക്കാരും ഉറക്കത്തിലായിരുന്നു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സംശയം തോന്നിയ ഒരു യാത്രക്കാരന്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വായയില്‍ നിന്നും നുരയും പതയും വന്ന് അവശനിലയിലായ യാത്രക്കാരനെ കണ്ടത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസ് യാത്രക്കാരനെയും കൊണ്ട് കാസര്‍കോട് ജനറലാശുപത്രിയിലേക്ക് കുതിച്ചുപാഞ്ഞു. തക്ക സമയത്ത് എത്തിയതിനാല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് രാവിലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ്, ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍മാരായ പ്രഭാകരന്‍, രമേശന്‍, എന്നിവരുടെ സമയോചിത ഇടപെടലാണ് യാത്രക്കാരന് ജീവിതം തിരിച്ചുകിട്ടിയത്.

Big salute to our Railway Police…..