ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്

ബെയ്റൂട്ട്: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. ഇക്കാര്യം ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. സെപ്റ്റംബർ അവസാനം ശക്തിപ്രാപിച്ച ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റമുട്ടലിൽ 1400-ഓളം ലെബനൻകാർ മരിച്ചു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതിലുൾപ്പെടും. 12 ലക്ഷം പേർക്ക് വീടുവിട്ടുപോകേണ്ടിവന്നു. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേർ സിറിയയിലേക്കു പലായനംചെയ്തതായി ലെബനീസ് സർക്കാർ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ലെബനന്റെ തെക്കൻമേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. തെക്കൻ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകിയിരുന്നു. വ്യോമാക്രമണത്തിനൊപ്പം തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതൽ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകൾ, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ അതിർത്തിയിലേക്കെത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചെന്നും അറിയിച്ചു. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ്‌ വ്യോമാക്രമണമുണ്ടായത്. 50ലേറെ പേർക്ക് പരിക്കേറ്റു. അഭയാർഥി ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായി പ്രവർത്തിച്ചുവരികയാണ് റുഫൈദ സ്കൂൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page