ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വിവി സജീവന് അന്താരാഷ്ട്ര അംഗീകാരം

കാസര്‍കോട്: ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഫിലിപ്പെയിന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ അംഗീകാരം എറ്റുവാങ്ങും.
സമ്മേളനത്തോടനുബന്ധിച്ച് എഷ്യന്‍ ഡിസാസ്റ്റര്‍ റിഡക്ഷന്‍ ആന്റ് റെസ്പോണ്‍സ് നെറ്റ് വര്‍ക്ക് എന്ന അന്താരാഷ്ട്ര സംഘടന, പ്രാദേശിക തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി നടത്തിയ മത്സരത്തിലാണ് വലിയപറമ്പ ഈ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വഹിക്കുന്ന നേതൃപരമായ പങ്കിനുള്ള അംഗീകാരമായി പ്രസിഡണ്ട് വി.വി സജീവനെ ദുരന്ത നിവാരണ വിഭാഗങ്ങളിലെ ലോക്കല്‍ ചാമ്പ്യന്‍ പട്ടം നല്‍കി ആദരിക്കും. കാസര്‍കോട് ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ മുന്‍ ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷഫീക്ക് എന്നിവരാണ് ഈ മത്സരത്തിലേക്ക് വി.വി സജീവന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തത്.
കടലിനാലും കായലിനാലും ചുറ്റപ്പെട്ട ഒരു തീരദേശ സമൂഹം അവരുടെ അതിജീവനത്തിനായി ഒരേ മനസ്സോടെ, സുസ്ഥിരതയില്‍ ഊന്നി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിനായി ജൂറി പരിഗണിച്ചത്. തീരശോഷണം തടയുന്നതിനായി കടല്‍ തീരത്തിനൊരു ഹരിത കവചം എന്ന പേരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ സ്വന്തം നഴ്സറിയില്‍ തയ്യാറാക്കിയ 75000 കാറ്റാടി തൈകള്‍ കടല്‍ത്തീര മേഖലയില്‍ വച്ചുപിടിപ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് 24 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കടലോരത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്‍തിട്ടയുണ്ടാക്കി അതില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് അടമ്പാന്‍ വള്ളി നട്ടുള്ള ഹരിത കവചം ഒരുക്കിയത്. തീരശോഷണത്തിന് പ്രതിരോധം തീര്‍ക്കാനും ഒപ്പം പഞ്ചായത്ത് നിവാസികളായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങളും അതുവഴി വരുമാനം വര്‍ധിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുനെസ്‌കോ നടപ്പിലാക്കുന്ന സുനാമി റെഡി പദ്ധതിയിലേക്കുഠ വലിയപറമ്പ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. എഷ്യാ പസഫിക് മേഖലയില്‍ നിന്നും നാലുപേര്‍ മാത്രമാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്. ഫിലിപ്പൈന്‍സില്‍ നിന്നും മരിയ ഫെ മാരവില്ലാസ്, സെനിത്ത് ബല്ലേര്‍ട്ട, ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള യുസ്റ്റീന വാര്‍ഡാനി എന്നിവരാണ് മറ്റ് മൂന്ന് പേര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page