ന്യൂഡൽഹി: ഹരിയാന, ജമ്മു-കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണൽ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ വലിയ മുന്നേറ്റ പ്രതീക്ഷയിലാണ് ഹരിയാനയിലും ജമ്മു – കാശ്മീരിലും പ്രതിപക്ഷം. എന്നാല്‍ കാശ്മീര്‍ താഴ് വരയില്‍ നിര്‍ണായക മുന്നേറ്റം നടത്താനാകുമെന്നും ഹരിയാനയില്‍ മൂന്നാം ഊഴം ലഭിക്കുമെന്നുമുള്ള തികഞ്ഞ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. 90 സീറ്റുകളില്‍ വീതമാണ് ഹരിയാനയിലും ജമ്മു-കാശ്മീരിലും തിരഞ്ഞെടുപ്പ് നടന്നത്.
ഹരിയാനയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ജമ്മു-കാശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കം നിര്‍ണായകമായേക്കും. പത്തുവര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തുമെന്നാണ് സര്‍വെകളെല്ലാം പ്രവചിച്ചത്. കേവല ഭൂരിപക്ഷം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പി.ഡി.പിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ്– നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം ശ്രമം തുടങ്ങി. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചേക്കുമെന്നാണ് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അവകാശത്തിലാണ് പ്രതിപക്ഷത്തിന് ആശങ്ക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അംഗങ്ങളെ നാമ നിര്‍ദേശം ചെയ്താല്‍ അവരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കും. സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാണ്.
