കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായകള്‍ക്ക് നിയന്ത്രണമോ, വിലക്കോ വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ക്കു നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണെന്നു അറിയിപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഒരു കുട്ടിക്ക് കഴിഞ്ഞ ആഴ്ച നായയുടെ കടിയേറ്റ സംഭവം നടന്നിരുന്നു. നായയെ കെട്ടിയിട്ട് വളര്‍ത്താന്‍ ജീവനക്കാര്‍ സംവിധാനം ഉണ്ടാക്കണം. അല്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് ഏറെയും നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. യാത്രക്കാര്‍ വിശ്രമിക്കേണ്ട ഇടങ്ങളൊക്കെ നായ്ക്കൂട്ടം കയ്യേറുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും, പൊലീസ് സ്റ്റേഷനുകളിലും ഇതുതന്നെയാണ് സ്ഥിതി. സ്ത്രീകളും, കുട്ടികളും, രോഗികളും, മുതിര്‍ന്ന പൗരന്മാരും പൊലീസ് സ്റ്റേഷനിലും, ആശുപത്രികളിലും എത്തുമ്പോള്‍ വരവേല്‍ക്കുന്നത് നായ്ക്കൂട്ടങ്ങളാണ്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടമുണ്ട്. നായ്ക്കൂട്ടങ്ങള്‍ റോഡില്‍ കിടന്നും, ഇരുചക്രവാഹന യാത്രക്കാരുടെ മേല്‍ ചാടി വീണും, യാത്രക്കാര്‍ നിയന്ത്രണം തെറ്റി വീണ് പരിക്കേല്‍ക്കുന്നതും ജില്ലയില്‍ നിത്യ സംഭവങ്ങളാണ്. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ദേശീയവേദി ആവശ്യമുന്നയിച്ചു.
