വധശ്രമം അടക്കം ഇരുപതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആൾ എംഡി എം എയുമായി പിടിയിലായി. കണ്ണൂർ അഴീക്കോട് സ്വദേശി അരുൺ കുമാർ(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലർച്ചെ കണ്ണൂർ വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സംശയകരമായ സാഹചര്യത്തിൽ കണ്ട മധ്യവയസ്കനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 4.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വളപട്ടണം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ എസ് ഐ ഷാജി, ബാബു അപ്പാനി, സിവിൽ പൊലീസ് ഓഫീസർ റിനോജ്, ജിജേഷ്, സതീശൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് വളപട്ടണം എസ് ഐ ടിഎം വിപിൻ അറിയിച്ചു.
