കാസര്‍കോട്: സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് കൊടക്കാട് സ്വദേശിയുടെ 4.13 ലക്ഷം രൂപ തട്ടിയെടുത്തു. കൊടക്കാട്, വലിയപൊയില്‍ സ്വദേശി മുഹമ്മദ് ജാബിറി(26)ന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു. ഫെബ്രുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് അജ്ഞാതന്‍, മുഹമ്മദ് ജാബിറിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നു പരാതിയില്‍ പറഞ്ഞു. ജാബിറിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാട് നടത്തുന്നുണ്ടെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. ജാബിറിന്റെ ഫോണ്‍ വഴി അശ്ലീല മെസ്സേജുകള്‍ അയച്ചതിനും ഫോണ്‍ വിളിച്ചതിനും മുംബൈ, അന്ധേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയത്രെ. ഉടന്‍ പണം കൈമാറിയില്ലെങ്കില്‍ വെര്‍ച്വല്‍ അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. പണം കൈമാറിയ ശേഷമാണ് താന്‍ തട്ടിപ്പില്‍ അകപ്പെട്ടതായി മനസ്സിലായതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
