ആകാശ ചെരുവിലെ നിഴല്‍ കൂത്ത്

ജേക്കബ് ജോണ്‍ കുമരകം(ഡാളസ്)

ശരത് കാല സായാഹ്നത്തിലെ പ്രശാന്തസുന്ദരമായ ആകാശം. നീല നിറമുള്ള ക്യാന്‍വാസില്‍ തൂവെള്ള ചായത്തില്‍ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പോലെ വന്ധ്യ മേഘങ്ങള്‍ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു. ചില കൂട്ടം തെറ്റിയ മേഘക്കീറുകള്‍ അപ്പൂപ്പന്‍ താടിപോലെ കനമില്ലാതെ പറന്നു കളിക്കുന്നു. കൈവെള്ളയിലെ രേഖകള്‍ പോലെ കുറുകെയും നെടുകെയും കുത്തി വരച്ച പുക വരകള്‍
ഇങ്ങു താഴെ. ഏകാന്തതയില്‍ ആകാശ നീലിമയിലേക്കു കണ്ണ് നട്ടിരിക്കുന്ന എനിക്ക് മുമ്പില്‍, മേഘങ്ങളാകുന്ന മഞ്ഞിന്‍ കൂനകള്‍ക്കു, പഞ്ഞിക്കെട്ടുകള്‍ക്കു, കാറ്റിന്റെ തലോടല്‍ കിട്ടിയിട്ടെന്നപോലെ രൂപ മാറ്റം വരുന്നോ? ആകാശച്ചെരുവില്‍ ഒരു നിഴല്‍ കൂത്തിനുള്ള ഒരുക്കമാണോ? ആ മേഘശകലങ്ങള്‍ക്ക് ശാപമോക്ഷം കിട്ടി ജീവന്‍ വെക്കുകയാണോ? എവിടെ നിന്നോ ഉയരുന്ന പുല്ലാങ്കുഴല്‍ നാദം! പാഴ് മുളം തണ്ടില്‍ കാറ്റിന്റെ ചുണ്ട് അമര്‍ന്ന പോലെ ആ ഓടക്കുഴല്‍ സംഗീതം വായുവില്‍ ഒഴുകി ഒഴുകി വരുന്നു, അത് കാളിന്ദിയുടെ ഓളങ്ങളില്‍ മുത്തമിട്ടോ, കുളിരുള്ള കാളിന്ദി പുളകിതയായോ? പുല്‍മേടുകളില്‍ മേഞ്ഞു കൊണ്ടിരുന്ന ഗോക്കളെല്ലാം ആ ഗോപാല സംഗീതത്തിന് കാതുകൂര്‍പ്പിക്കുന്നോ? അതെ, അത് രാധയുടെ നൂപുരങ്ങളില്‍ നിന്നും കേള്‍ക്കുന്ന ചിലമ്പൊലി ശബ്ദം തന്നെയല്ലേ? ആ ഗീതിക ഭക്തി സാന്ദ്രമാവുകയാണ്! അത് അടുത്തടുത്തായി വരുന്നു, ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം ഗീതാഗോവിന്ദം അല്ല, ജ്ഞാനപ്പാന ആണെന്ന് തോന്നുന്നു! ഗുരുവായൂര്‍ അമ്പലനടയില്‍ ഇരുന്നു കണ്ണും പൂട്ടി കണ്ണനെ ഉപാസിക്കുന്ന, തലയില്‍ കുടുമ വച്ച ആ ബ്രാഹ്‌മണന്‍ പാടുകയാണ്, തൊണ്ടയിടറി. തന്റെ മകന്‍ മരിച്ച ദുഃഖം കൃഷ്ണ ഭക്തി കൊണ്ട് മൂടി, തൊണ്ട പൊട്ടി പാടുകയാണ് ‘ഉണ്ണിയായി നീയരികില്‍ ഉള്ളപ്പോള്‍ ഉണ്ണികള്‍ എനിക്കെന്തിന് കണ്ണാ….”

ചെറുകാറ്റില്‍ ഇളകുന്ന രൂപങ്ങള്‍, മാറുന്ന നിഴലുകള്‍ കപില വസ്തുവിലെ രാജ കൊട്ടാരത്തില്‍ നിന്നും ഗയയിലെ ബോധി വൃക്ഷ ചുവട്ടിലേക്കുള്ള കഠിന വഴികള്‍ … ശുദ്ധോധന രാജാവിന്റ കൊട്ടാരത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ചു പോകുന്ന സിദ്ധാര്‍ത്ഥ കുമാരന്‍! കൗമാര പ്രായത്തില്‍ മോഹിച്ചു, പ്രണയിച്ചു
എല്ലാ പ്രതിബന്ധത്തെയും തരണം ചെയ്ത് സ്വന്തമാക്കിയ യശോധര. അവളുടെ അച്ഛന്‍ മറ്റു രാജാക്കന്മാരെ പോലെ മകളുടെ വരന്‍ വില്ലാളി വീരന്‍ ആയ ആയോധന കലയില്‍ അഗ്രഗണ്യന്‍ ആയിരിക്കണമെന്ന് ആശിച്ചെങ്കില്‍ അത് തെറ്റാണെന്നു പറയാന്‍ പറ്റില്ല. യശോധര അത് അര്‍ഹിക്കുന്നുണ്ട്. അവള്‍ മനോഹരി ആയിരുന്നു പല രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ പ്രഗത്ഭരായ രാജകുമാരന്മാര്‍ യശോധരയെ വേള്‍ക്കാന്‍ എത്തിയിരുന്നു. ആയോധന കലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ ഓരോരുത്തരും അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്തെങ്കിലും കപില വസ്തുവിന്റെ മാണിക്യത്തിന്റെ മുമ്പില്‍ അവര്‍ക്കാര്‍ക്കും പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. എല്ലാ വില്ലുകളും കുലച്ചു തീര്‍ന്ന ശേഷം ആരും ഒരിക്കലും തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത സിംഹഭാനു വില്ല് പോലും നിഷ്പ്രയാസം കുലച്ചാണ് സിദ്ധാര്‍ത്ഥ രാജകുമാരന്‍ യശോധരയെ സ്വന്തമാക്കി പരിണയിച്ചത്. അവളെയും ജീവിത്തിന്റെ മൊത്തം അര്‍ത്ഥമായിരുന്ന സ്വന്തം മകന്‍ രാഹുലിനെയും ഏറെ നേരം നോക്കി നിന്ന ശേഷം സ്വന്തം അരമനയില്‍ നിന്നും സത്യത്തിന്റെ പൊരുള്‍ തേടി ഇറങ്ങിയ സിദ്ധാര്‍ഥന്‍! ആ മനുഷ്യന്റെ ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ആ വൃക്ഷം. അവസാനം ആ മനുഷ്യനിലെ സിദ്ധാര്‍ഥന്റെ അവസാന കണികയും തപസിലൂടെ എരിഞ്ഞു ഭസ്മമായി, ത്രികാല ജ്ഞാനി യായി മാറിയ ബുദ്ധന്റെ എല്ലാ പരിണാമങ്ങളും കണ്ട ആ വൃക്ഷവും മാറിയില്ലേ , ഒരു ബോധി വൃക്ഷമായി ? ആ വൃക്ഷം തലയാട്ടി ചിരിക്കുന്നുണ്ടോ ? എല്ലാം അറിയാം എന്ന മട്ടില്‍ ! എവിടെ നിന്നോ അശരീരി കേട്ടോ?: ‘ ബുദ്ധം ശരണം ഗച്ഛാമി, ധര്‍മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി’, കൊച്ചു കാറ്റിന്‍ കൈകള്‍ പിന്നെയും രൂപങ്ങളെ മാറ്റി മാറ്റി വീണ്ടും നിഴലാട്ടം തുടരുന്നു … തലയില്‍ രോമങ്ങളില്ലാത്ത, അര്‍ദ്ധ നഗ്‌നനായ യോഗി! രഘുപതി രാഘവ രാജാറാം, പതീത പാവന സീതാറാം, ഈശ്വര അള്ള തേര നാം ..ഭജന്‍ തുടങ്ങി, പ്രാര്‍ത്ഥനക്കും ധ്യാനത്തിനും സമയമായി…..

കൈയില്‍ ഒരു വടി, അരയില്‍ ചെറിയ ഒരു ഘടികാരം തൂക്കിയിട്ടിരിക്കുന്നു . തൊഴിച്ചു പല്ലുകളഞ്ഞവനോട് പോലും ചിരിച്ചു കുശലം പറഞ്ഞ കര്‍മയോഗി! കൊന്നു കൊലവിളിച്ചവര്‍ പോലും രാജ്ഘട്ടില്‍ വന്നു നിന്ന് പൂവാരി എറിഞ്ഞു
നമിക്കുമ്പോളും ചിരിക്കുന്ന, അധികാരത്തിന്റെ അപ്പ കഷണങ്ങള്‍ തനിക്കുപറ്റിയതല്ല എന്ന് പറഞ്ഞു അതിന്റെ അടുത്ത് പോലും എത്തി നോക്കാതെ കൂടെ നിന്നവര്‍ കടിപിടി കൂട്ടുന്നതും കണ്ടു ചിരിക്കുന്നു. ആ മഹാത്മാ(വ്) ! പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത വിധം ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ചങ്കു വിരിച്ചു ഇന്നും എന്നും ഒരു വെല്ലുവിളി ആയി നില്‍ക്കും. ആ വ്യക്തിത്വത്തെ.ഒരു കനവായിരുന്നോ ഗാന്ധിജി എന്ന് സന്ദേഹിക്കുന്നവരെ കുറ്റം പറയാന്‍ പറ്റുമോ ?…പടിഞ്ഞാറേ ചക്രവാളം ചുവക്കാന്‍ തുടങ്ങി ! രാവിലെ കിഴക്ക് ഉണരാന്‍ സൂര്യന്‍ ജല സമാധിക്ക് ഒരുങ്ങുകയാണ് ! ആകാശത്തിന്റെ നിറം മാറിത്തുടങ്ങി ! കാറ്റടിച്ചു ക്യാന്‍വാസില്‍ തെളിഞ്ഞ ചിത്രങ്ങളെല്ലാം ഒറ്റ നിറമായി മാറി ! ഞാന്‍ മാത്രം
ഇപ്പോഴും കണ്ട കാഴ്ചകളുടെ ആലസ്യത്തില്‍ നിന്നും ഉണരാതെ ഇരിക്കുന്നു….

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page