കണ്ണൂര്‍: കേളകം പ്രാഥമികാരോഗ്യ കേന്ദ്രം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ യുവാവ് പിടിയില്‍. ആറളം ഒമ്പതാം ബ്ലോക്കിലെ അരുവിക്കല്‍ ഹൗസില്‍ പ്രസാദ് (38) ആണ് എസ്.ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഗസ്ത് 31ന് വൈകുന്നേരം അഞ്ചുമണിക്കും സപ്തംബര്‍ രണ്ടിന് രാവിലെ 8.30നും ഇടയിലാണ് ആരോഗ്യകേന്ദ്രത്തില്‍ കവര്‍ച്ച നടന്നത്. ഒ.പി ബ്ലോക്കിന്റെയും പബ്ലിക് ഹെല്‍ത്ത് ബ്ലോക്കിന്റെയും ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് ഒ.പി ബ്ലോക്കിന്റെ മുറിയില്‍ സ്ഥാപിച്ച സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും 16,000 രൂപ വിലവരുന്ന ബ്ലൂടൂത്ത് സ്പീക്കറും പബ്ലിക്ക് ഹെല്‍ത്ത് ബ്ലോക്ക് ഓഫീസ് മുറിയില്‍ നിന്നും ഏകദേശം 20,000 രൂപ വിലമതിക്കുന്ന രണ്ട് ബാറ്ററികളും കവര്‍ച്ച ചെയ്തതു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചക്കാരനെക്കുറിച്ച് സൂചന ലഭിച്ചത്. 2023 ല്‍ ആറളം ഫാമില്‍ നടന്ന കൊലപാതക കേസില്‍ പ്രതിയാണ്. നിരവധി കവര്‍ച്ചാക്കേസുകളിലും പ്രസാദ് പ്രതിയായിരുന്നു. കേളകം പി.എച്ച്.സിയില്‍ നടത്തിയ കവര്‍ച്ചയില്‍ ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ തിരഞ്ഞുവരികയാണ്. എസ്.ഐ രമേശനും സീനിയര്‍ സി.പി.ഒ ശ്രീജിത്തും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
