പിപി ചെറിയാന്‍
ഇവാന്‍സ്വില്ലെ(ഇഡ്യാന): 6 മാസം പ്രായമുള്ള മകനെ എലികള്‍ കടിച്ചുപറിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാതിരുന്ന കുറ്റത്തിനു പിതാവിനു 16 വര്‍ഷത്തെ തടവ് ശിക്ഷ. ഇഡ്യാന സ്വദേശി ഡേവിഡ് ഷോനാബോമിനെ (32) യാണ് വാണ്ടര്‍ബര്‍ഗ് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി റോബര്‍ട്ട് പിഗ്മാന്‍ ശിക്ഷിച്ചത്. ഷൊനോ ബോമിന്റെ ഭാര്യയും കുട്ടിയുടെ മാതാവുമായ ഏഞ്ചല്‍ ഷോനാബോമിനെ(29) തിരെയുള്ള ശിക്ഷ 24 നു വിധിക്കും. പിതാവ് ഡേവിഡ് ഷോനാബോം കുറ്റക്കാ രനാണെന്നു സെപ്റ്റംബറില്‍ ജൂറി കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് ജഡ്ജി ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. തന്റെ 6 മാസം പ്രായമുള്ള മകനെ എലികള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുപറിച്ചതായി ഡേവിഡ് സ്‌കോനാബോം 911 എന്ന നമ്പറില്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. അന്വേഷണത്തെത്തുടര്‍ന്നു 2023 സെപ്തംബറില്‍ ഇവാന്‍സ്വില്ലെ പൊലീസ് സ്‌കോനാബോമിനെയും ഭാര്യ ഏഞ്ചല്‍ ഷോനാബോമിനെയും അറസ്റ്റ് ചെയ്തു. ഏഞ്ചല്‍ ഷോനാബാം, സെപ്റ്റംബറില്‍, വിചാരണയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ്, കുറ്റകരമായ അവഗണനാ കുറ്റം സമ്മതിച്ചു. ശിക്ഷ കുറവ് ചെയ്യുന്നതിന് മതിയായ കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വാണ്ടര്‍ ബര്‍ഗ് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി റോബര്‍ട്ട് പിഗ്മാന്‍ ചൂണ്ടിക്കാട്ടി. തെറ്റിന് പരമാവധി ശിക്ഷ എന്ന നിലപാടാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അതില്‍നിന്നു തന്റെ ഓഫീസ് പിന്നോട്ട് പോകില്ലെന്നും പ്രോസിക്യൂട്ടര്‍ ഡയാന മോയേഴ്സ് പറഞ്ഞു. ഇന്‍ഡ്യാന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചൈല്‍ഡ് സര്‍വീസസ് പ്രതികളുടെ വീട്ടിലെ അവസ്ഥകളെക്കുറിച്ച് അന്വേഷിച്ചിരുന്നു.