ഒരു സമ്മേളന വേളയില്‍ വെച്ചായിരുന്നു അവിചാരിതമായി ഞാനവളെ ആദ്യമായി കാണുന്നത്.
വേദിക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും അവള്‍ കൂട്ടുകാരികളോടൊപ്പം വല്ലാത്തൊരു പ്രസരിപ്പോടെ നടക്കുന്നത് കണ്ടാണ് ഞാനൊന്ന് ശ്രദ്ധിച്ചത്.
പോരാത്തതിന് ആരെയും ആകര്‍ഷിക്കുന്ന മുഖഭാവമായിരുന്നു അവളുടേത്.
അല്പം നേരം കഴിഞ്ഞപ്പോ ഒരു കാര്യം കൂടെ മനസ്സിലായി അവള്‍ മനോഹരമായി പാട്ടുപാടുമെന്ന്.
ഗാനാലാപനസമയത്ത് മുഖത്ത് പ്രകടമാവുന്ന വശ്യതയാര്‍ന്ന അവളുടെ ചിരിയില്‍ ആരും ആകര്‍ഷിക്കപ്പെടും.
മാര്‍ഗററ്റിനെ ഞാന്‍ പരിചയപ്പെട്ടതും അവളുടെ ആ ഗാനാലാപനത്തിലൂടെയാണ്.
ആ ചടങ്ങില്‍ ഞാന്‍ മുഖ്യാതിഥിയായിരുന്നു.
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം….
എന്ന പഴയ പാട്ടായിരുന്നു അന്നവള്‍ പടിയിരുന്നത്.
ആലാപനത്തിന്റെ മാധുര്യം കൊണ്ട് ഒന്നു കൂടി ആലപിക്കാന്‍ ഞാന്‍ മാര്‍ഗറിറ്റിനോടാവശ്യപ്പെട്ടു. സന്തോഷത്തോടെ അവളത് അംഗീകരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കപ്പുറത്തെ എന്റെ കൗമാര കാല ഓര്‍മ്മയിലേക്ക് മനസ്സിനെയത് കൊണ്ടുപോയി.
പാടി കഴിഞ്ഞതും കൂട്ടുകാരിയുമായി മാഗി എന്റെ പിറകിലെ സീറ്റില്‍ വന്നിരുന്നു.
ആ നിമിഷം സുഖകരമായ നേര്‍ത്തൊരു ഗന്ധം അവിടെയാകെ പടരുന്നതായി എനിക്ക് തോന്നിയിരുന്നു.
അവര്‍ പരസ്പരം എന്തൊക്കയോ കുശുകുശുപ്പു നടത്തുകയാണ്.
അത് കേട്ടപ്പോള്‍ ഞാന്‍ വെറുതെ കാതുകള്‍ പിന്നിലേക്ക് കൂര്‍പ്പിച്ചു നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
അതിനിടയില്‍ സംഘാടകര്‍ എന്നെ വേദിയിലേക്ക് ക്ഷണിച്ചു.
ഒരു മണിക്കൂറിലധികം എന്റെ സംസാരം നീണ്ടിരുന്നു.
മാഗിയുടെ സഹോദരനായിരുന്നു സംഘാടകനെന്ന് പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
തിരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ മാഗിയും സഹോദരനും ഭക്ഷണം കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
ഗ്രാമീണ സൗന്ദര്യം വിളിച്ചറിയിക്കുന്നതായിരുന്നു വീടും പരിസരവും.
ഭക്ഷണ ശേഷം വിശ്രമിക്കാനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു.
ശാന്തമായിരുന്നു വീടകം.
മാഗി അമ്മയോട് കുശുകുശുക്കുന്നത് കേട്ടപ്പൊ ചുമരിനോട് ചെവി ചേര്‍ത്ത് വെച്ച് ഞാന്‍ വീണ്ടും കാതുകള്‍ കൂര്‍പ്പിച്ചു നോക്കി.
ആദ്യം നിരാശപ്പെട്ടെങ്കിലും ഇത്തവണ ഞാന്‍ ശരിക്കും കേട്ടു.
‘ആള്‍ക്ക് പ്രത്യേക സ്വഭാവമാണെന്ന് തോന്നുന്നു.
നാടന്‍ ശൈലിയിലാണ് സംസാരം.
എങ്കിലും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
എല്ലാം തുറന്നു പറയുന്ന രീതിയാണ്. കാണുന്നത് പോലെ ഉള്ളും ശുദ്ധമാണെന്ന് തോന്നുന്നു.പിന്നെ സംഘടനയുടെ സംസ്ഥാനതല സമ്മേളനത്തിന് എന്നെയും ചേട്ടനെയും ക്ഷണിച്ചിട്ടുണ്ട്. ‘
സന്തോഷത്തോടെ അവളോരോന്നും അമ്മയോടിങ്ങനെ എണ്ണി പറയുകയായിരുന്നു.
ഒരു മാസത്തിനു ശേഷമായിരുന്നു ആ പറഞ്ഞ സമ്മേളനം.
ക്ഷണം സ്വീകരിച്ചു കൊണ്ട് അവള് ഞങ്ങള്‍ക്കൊപ്പം വരികയും ചെയ്തു.
കൂടെ കൂട്ടുകാരിയും ഉണ്ടായിരുന്നു.
ട്രെയിനിലായിരുന്നു യാത്ര.
മലയോരത്ത് നിന്ന് വന്ന മാഗിയും സുഹൃത്തുക്കളും തീരദേശ കാഴ്ചയില്‍ ആകൃഷ്ടരായി.
കാഴ്ചകളെക്കുറിച്ച് അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. സഹയാത്രികരെയൊന്നും അവര്‍ ശ്രദ്ധിക്കുന്നത് പോലുമില്ല.
ഇടയ്ക്ക് മാഗി പറയുന്നത് കേട്ടു.
സാര്‍ തനിച്ചാണിരിക്കുന്നത.് വായനയിലാണ്. ഞാന്‍ സാറിന്റെയടുത്ത് ചെല്ലട്ടെ’?
‘വേണ്ടെടീ അദ്ദേഹത്തെ ശല്യം ചെയ്യേണ്ട. ഗൗരവത്തില്‍ വായിക്കുകയല്ലേ?’
‘വായനശാലയിലേക്ക് ഒരു ടി.വി. സംഘടിപ്പിച്ചു തരാന്‍ സാറ് വിചാരിച്ചാല്‍ കഴിയും. ഞാനൊന്ന് ചൂണ്ടയിടട്ടേ. ?’
അവളും കൂട്ടുകാരിയും തമ്മിലുള്ള സംഭാഷണങ്ങളൊക്കെ എനിക്ക് കേള്‍ക്കാമായിരുന്നു.
അത് കഴിഞ്ഞ ഉടനെ മാഗി എന്റെ എതിര്‍ വശത്തെ സീറ്റില്‍ വന്നിരുന്നു.
‘സാറിന് ഒരു ഉപകാരം ചെയ്യാന്‍ പറ്റുമോ എന്നറിയാനാണ്’
‘എന്താ ?
‘ഞങ്ങളുടെ മലയോരത്ത് ആരുടെ വീട്ടിലും ടി.വി. ഇല്ല സാര്‍, വായനശലയിലേക്ക് ഒരു ടി.വി. സംഘടിപ്പിച്ചു തരാന്‍ പറ്റുമോ.?’
‘ നോക്കാം’ഞാന്‍ മറുപടി പറഞ്ഞു.
‘സാറിനെക്കുറിച്ച് കുടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.?’
അവള്‍ വീണ്ടും എന്നോടെന്ന പോലെ ചോദിച്ചു.
‘എന്തറിയാനാണ് ഈ കണ്ടതൊക്കെ തന്നെ.’
ചിരിച്ചു കൊണ്ട് ഞാനതിന് മറുപടി പറഞ്ഞു.
ചേട്ടന്‍ സാറിന്റെ രൂപഭാവങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. അത് നൂറ് ശതമാനം ശരിയാണെന്ന് കണ്ടപ്പോള്‍ തോന്നി. സംസാരിക്കുമ്പോഴുള്ള മുഖഭാവം മറക്കാന്‍ കഴിയില്ല.
തൂവെള്ള വസ്ത്രം പോലെ മനസ്സും വെന്മയുള്ളത് തന്നെയെന്ന് ബോധ്യമായി.’
അവള്‍ വീണ്ടും എന്നെയിങ്ങനെ പുകഴ്ത്തി കൊണ്ടിരിക്കുകയാണ്.
ടീവി കിട്ടാനുള്ള തന്ത്രമാണോ എനിക്ക് സംശയമുണ്ടായിരുന്നു.
അത് കൊണ്ട് ഞാനതിനെ അത്ര വലിയ കാര്യമാക്കിയില്ല എന്ന്.
ആ അങ്ങിനെയൊന്നുമില്ല.
ആട്ടെ കുട്ടി എന്തു ചെയ്യുന്നു?’
‘ഞാന്‍ വീട്ടില്‍ ചുമ്മാ ഇരിക്കുവാ.
പിന്നെ അന്ന് പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പൊഴേ എനിക്ക് സാറിനെ ഇഷ്ടായി.
അതും പറഞ്ഞു ഷര്‍ട്ടിന്റെ കോളറില്‍ ഇഴഞ്ഞുനീങ്ങുന്ന ഒരു പ്രാണിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവള്‍
‘എന്തോ ഒരു പ്രാണി’യെന്നും പറഞ്ഞു കൊണ്ട് എഴുന്നേറ്റ് വന്ന് എന്റെ ഷര്‍ട്ടിലെ പ്രാണിയെ വിരലുകൊണ്ടെടുത്ത് ജനലിലൂടെ പുറത്തേക്കു കളഞ്ഞു.
‘താങ്ക്‌സ് ‘
അതിന് അപ്പൊ തന്നെ ഞാനൊരു നന്ദി പറച്ചിലും നടത്തി.
അതോടെ അവളെന്റെ അടുത്തു വന്നിരുന്നു.
‘അയ്യോ സാര്‍ താങ്ക്‌സ് പറയേണ്ട.’
വല്ലാത്ത ചിരിയോടെ അവള്‍ വീണ്ടും പറഞ്ഞു.
‘മാസ്മരികമായ ശരീരമണമാണല്ലോ മാഗിയുടേത്.’
വെറുതെ ഞാനും ഒന്ന് പറഞ്ഞു നോക്കി.
അത് കേട്ടമാത്രയില്‍ മാഗി എന്റെ കയ്യില്‍ പിടിച്ചു.
‘ആണോ സാര്‍.’
അവളുടെ ആ പ്രവര്‍ത്തി കണ്ടപ്പോള്‍ കൂടുതല്‍ സംസാരിക്കുന്നത് ഗുണകരമാവില്ലെന്ന് എനിക്ക് തോന്നി.
ഞാന്‍ വീണ്ടും വായനയില്‍ മുഴുകി. അതോടെ അവള്‍,അവളുടെ കൂട്ടുകാരിയുടെ കാബിനിലേക്ക് തന്നെ പോയി.
‘എടീ ഞാനാവശ്യപ്പെട്ട കാര്യം സാധിച്ചു തരും.
പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ചേട്ടന്‍ പറഞ്ഞിട്ടുണ്ട്.
പിന്നെ ഞാനൊരു സ്വകാര്യം പറയട്ടെ.
എന്റെ ശരീരമണം അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിന് ഗാനാലാപനം വളരെ ഇഷ്ടമാണ്.
അന്ന് പാടിയ പാട്ട് എന്നെക്കൊണ്ട് വീണ്ടും പാടിപ്പിച്ചത് നിനക്കോര്‍മയില്ലേ?
പ്രായം കുറച്ചു കൂടുതലാണെങ്കിലും എനിക്കെന്തോ ……. ‘
‘പറയെടീ എനിക്കെന്തോ ?’
മാഗി ബാക്കി ചിരിയിലൊതുക്കി.
ട്രെയിന്‍ ഷോര്‍ണൂരിലെത്തുമ്പോഴേ ഈ കമ്പാര്‍ട്ടുമെന്റ് ഫുള്‍ ആവൂ. കോഴിക്കോട്ടെത്തിയതേയുള്ളു.
‘സാറിന് ബോറഡിക്കുന്നുണ്ടാവും.
നമുക്ക് അദ്ദേഹത്തിന്റെ കാബിനിലേക്ക് ചെല്ലാം’
അവള്‍ വീണ്ടും കൂട്ടുകാരിയോട് പറഞ്ഞു.
‘ ആ മനസ്സിലാവുന്നുണ്ട് ഇളക്കം’
‘ പോടീ’
അവര്‍ രണ്ടു പേരും വീണ്ടും വന്നു.
മാഗി എന്നോട് ചേര്‍ന്നിരുന്നു.
അവള്‍ സ്വയം പാടി തുടങ്ങി.
ഞാന്‍ താളം പിടിച്ചു കൊണ്ടിരുന്നു.
മാഗിയുടെ സാമീപ്യം എനിക്കിഷ്ടമാണോയെന്ന് അവളിടക്കിടെ ശ്രദ്ധിക്കുന്നുണ്ട്.
പക്ഷെ ഞാന്‍ കണ്ടിട്ടും കാണാത്തത് പോലെ ഭാവിച്ചു കൊണ്ടിരുന്നു.
സമ്മേളനം കഴിഞ്ഞുള്ള തിരിച്ചു വരവും അതേ ട്രെയിനിലായിരുന്നു.
മാഗി എല്ലാത്തിനും എന്നെ സഹായിച്ചു കൊണ്ടിരുന്നു.
ഭക്ഷണം വാങ്ങിക്കൊണ്ടുവരാന്‍, ബെര്‍ത്തില്‍ ഷീറ്റ് വിരിക്കാന്‍, കുടിവെള്ളം എത്തിച്ചു തരാന്‍, അങ്ങനെ പലതിലും അവള്‍ സാനിധ്യം അറിയിച്ചു കൊണ്ടിരുന്നു.
അങ്ങനെ ട്രെയിനിറങ്ങി ഞങ്ങള്‍ സാധാരണ പോലെ യാത്ര പറഞ്ഞു പിരിഞ്ഞു.
ഒരാഴ്ച കഴിഞ്ഞതേയുള്ളു.
സ്‌നേഹാന്വേഷണം പറഞ്ഞു കൊണ്ടുള്ള അവളുടെ ഒരു കത്ത് കിട്ടി. അതിന് ഞാന്‍ മറുപടി അയക്കുകയും അവളതിന് വീണ്ടും എഴുതുകയും ചെയ്തു.
അതങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.
പക്ഷെ അവസാനത്തേതില്‍ അവളിങ്ങനെ എഴുതി.
‘ഞാന്‍ തയ്യാറാണ്.
സാര്‍ തയ്യാറാവുമോ.?’
എന്റെ കുടുംബത്തിന്റെ സമ്മതം ഞാന്‍ വാങ്ങിക്കോളാം.
സാറിന്റെ കുടുംബത്തിന്റെ പ്രതികരണമെന്തായിരിക്കും’.
ഞാന്‍ പ്രതീക്ഷിച്ചിടത്തേക്ക് തന്നെ കാര്യങ്ങളെത്തിയെന്ന് ആ നിമിഷം എനിക്ക്
ബോധ്യമായി.
നേരിടാന്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്.
മതം, പ്രായം, സമൂഹം അങ്ങനെ ഒന്നും അനുകൂലമല്ല.
തുടക്കം മുതലേയുള്ള സമീപനം കാണുമ്പോള്‍ എന്തോ ഒരു ലക്ഷ്യമുണ്ടെന്ന് മണത്തറിഞ്ഞിരുന്നു.
അതിനുള്ള സ്ത്രീ സഹജമായ വിദ്യകളാണ് അപ്പൊ ഈ കാണിച്ചതൊക്കെ.
അപ്രസക്തമായ ഒരു സ്‌നേഹത്തിനു വേണ്ടി, എന്റെ കുടുംബത്തെയും ആ കാലം കൊണ്ട് ആര്‍ജിച്ചെടുത്ത അഭിമാനത്തെയും വ്രണപ്പെടുത്താന്‍ എനിക്ക് തോന്നിയില്ല.
ഇനി ആ വലയത്തില്‍ നിന്ന് രക്ഷപെടുകയേ നിവൃത്തിയുള്ളു.
അത് കൊണ്ട് ഞാന്‍ തീര്‍ത്തും അവളെ അവഗണിച്ചു തുടങ്ങി.
ഒടുവില്‍ അവളയക്കുന്ന എഴുത്തുകള്‍ക്ക് ഞാന്‍ മറുപടി നല്‍കാതെയായി.
ഒന്ന് രണ്ടെണ്ണം പിന്നെയും വന്നിരുന്നു പക്ഷെ പിന്നീട് അവളതും അവസാനിപ്പിച്ചു.
അതോടെ ആ ബന്ധത്തില്‍ നിന്നും ഞാന്‍ സ്വതന്ത്രനാവുകയും ചെയ്തു.
